ന്യൂഡൽഹി: ദേശീയ സൈക്കിൾ പോളോ ചാമ്പ്യൻഷിൽ പങ്കെടുക്കാൻ നാഗ്പൂരിലെത്തിയ കേരള താരം നിദ ഫാത്തിമ മരിച്ച സംഭവത്തിൽ അന്വേഷണം ആവശ്യപ്പെട്ട് ലോക്‌സഭയിൽ അടിയന്തര പ്രമേയത്തിന് നോട്ടീസ്. ഇടത് എംപി എ എം ആരിഫാണ് നോട്ടീസ് നൽകിയത്. പത്തുവയസുകാരി നിദ ഇന്നലെയായിരുന്നു മരിച്ചത്.സംഭവത്തിൽ കേരള അസോസിയേഷൻ ഹൈക്കോടതിയെ സമീപിച്ചു. നിദയുടെ മരണവുമായി ബന്ധപ്പെട്ട് കോടതിയലക്ഷ്യ ഹർജി നൽകാൻ ഹൈക്കോടതി അനുമതി നൽകിയിട്ടുണ്ട്. അനുമതി ലഭിച്ചതോടെ ഹർജി ജസ്റ്റിസ് വി ജി അരുൺ ഉച്ചയ്ക്ക് പരിഗണിക്കും. കോടതി ഉത്തരവുമായി എത്തിയിട്ടും താമസ, ഭക്ഷണ സൗകര്യങ്ങൾ ഒരുക്കിയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതിയെ സമീപിച്ചത്.
ആലപ്പുഴ അമ്പലപ്പുഴ സ്വദേശിയാണ് നിദ ഫാത്തിമ. ഛർദ്ദിയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. മത്സരിക്കാനെത്തിയ കേരളാ താരങ്ങൾ നേരിട്ടത് കടുത്ത അനീതിയാണെന്ന ആരോപണം ഉയർന്നിരുന്നു. കേരള ടീമിന് താമസ, ഭക്ഷണ സൗകര്യം ദേശീയ ഫെഡറേഷൻ നൽകിയിരുന്നില്ല. കോടതി ഉത്തരവോടെ രണ്ട് ദിവസം മുമ്പ് നാഗ്പൂരിൽ എത്തിയ ടീം കഴിഞ്ഞത് താൽക്കാലിക സൗകര്യങ്ങളിലാണ്. മത്സരിക്കാൻ മാത്രമാണ് കോടതി ഉത്തരവെന്നും മറ്റ് സൗകര്യങ്ങൾ നൽകില്ലെന്നുമാണ് ഫെഡറേഷൻ ടീമിനെ അറിയിച്ചിരുന്നത്.