പ്രശസ്ത ചൈനീസ് ഗായിക ജെയ്ൻ ഷാങ് നെതിരെ സൈബർ ആക്രമണം. മനഃപൂർവ്വം കൊറോണ വൈറസ് ബാധിച്ചതായി വെളിപ്പെടുത്തിയതിന് പിന്നാലെയാണ് ഴാങ്ങിനെതിരെ പ്രതിഷേധവും ട്രോളും സോഷ്യല്‍ മീഡിയയില്‍ വരുന്നത്.ഒമിക്രോൺ വകഭേദമായ BF.7 ചൈനയിൽ പടർന്നുപിടിക്കുന്ന അവസരത്തിലാണ് ജെയ്നിന്റെ വെളിപ്പെടുത്തൽ. രോഗം വരണമെന്ന ഉദ്ദേശത്തോടെ കോവിഡ് ബാധിതരായ സുഹൃത്തുക്കളെ സന്ദർശിക്കുകയും അവരുമായി അടുത്തിടപഴകിയെന്നുമാണ് ഗായിക പറഞ്ഞത്. “അമേരിക്കയിലെ ന്യൂ ഇയര്‍ പ്രോഗ്രാമിനിടെ കൊറോണ ബാധിക്കുമെന്ന് ഞാൻ ആശങ്കാകുലയാണ്, അതിനാൽ എനിക്ക് നിലവിൽ വൈറസിൽ നിന്ന് കരകയറാൻ സമയമുള്ളതിനാൽ ഇപ്പൊഴെ പോസറ്റീവ് ആകാന്‍ തീരുമാനിച്ചു” ജെയ്ൻ ഷാങ് സോഷ്യല്‍ മീഡിയയില്‍ എഴുതി.
പനി, തൊണ്ടവേദന, ശരീരവേദന തുടങ്ങിയ ലക്ഷണങ്ങൾ കണ്ടുതുടങ്ങിയതിനെ തുടർന്നാണ് താൻ ഉറങ്ങാൻ പോയതെന്നും 38-കാരിയായ ഗായിക കൂട്ടിച്ചേർത്തു. ഈ ലക്ഷണങ്ങൾ എന്നാൽ ഒരു ദിവസം മാത്രമേ നീണ്ടുനിന്നുള്ളൂവെന്നും ഴാങ് വിശദീകരിച്ചു. വിറ്റാമിൻ സി കഴിക്കുകയും ധാരാളം വെള്ളം കുടിക്കുകയും ചെയ്തപ്പോഴേക്കും എല്ലാം ശരിയായെന്നും അവർ പറഞ്ഞു.
പോസ്റ്റ് വൈറലായതിന് പിന്നാലെ ഷാങിന്റെ നിർവികാരവും നിരുത്തരവാദപരവുമായ പെരുമാറ്റത്തിനെതിരെ ചൈനയില്‍ വന്‍ പ്രതിഷേധമാണ് ഉണ്ടായത്. വിമര്‍ശനം കനത്തപ്പോള്‍ ഗായിക സോഷ്യൽ മീഡിയയിൽ നിന്ന് വിവാദ പോസ്റ്റ് ഡിലീറ്റ് ചെയ്യുകയും പൊതുജനങ്ങളോട് മാപ്പ് പറയുകയും ചെയ്തു.