തിരുവനന്തപുരം: ഭൂപടം പ്രസിദ്ധീകരിച്ചതിന് പിന്നാലെ ബഫർ സോൺ സംബന്ധിച്ച് സർക്കാറിന് പരാതി പ്രവാഹം. 12500 പരാതികളാണ് സർക്കാറിന് ഇതുവരെ ലഭിച്ചത്. ഉപഗ്രഹ സർവേ റിപ്പോർട്ടിന്മേലും ഭൂപടത്തിന്മേലുമാണ് വ്യാപക പരാതികൾ ലഭിക്കുന്നത്. സ്വന്തം വീടുകളും കെട്ടിടങ്ങളും ഉൾപ്പടെ ബഫർ സോൺ പരിധിയിൽ ഉൾപ്പെട്ടതിന്റെ ഫോട്ടോകൾ സഹിതമാണ് പല പാരാതികളും ലഭിക്കുന്നത്. പരാതികൾ സർക്കാർ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്ക് കൈമാറി. കരട് ഭൂപടത്തിലെ പരാതികൾ സ്വീകരിക്കുന്നത് ഈ മാസം 28 മുതലാണ്.
2021ൽ കേന്ദ്രത്തിന് നൽകിയ സീറോ ബഫർസോൺ ഭൂപടവും റിപ്പോർട്ടും കഴിഞ്ഞ ദിവസമായിരുന്നു സർക്കാർ പ്രസിദ്ധീകരിച്ചത്. 22 സംരക്ഷിത വനമേഖലകൾക്ക് ചുറ്റുമുള്ള പ്രദേശങ്ങളാണ് ഭൂപടത്തിലുള്ളത്. പിആർഡിയുടേത് അടക്കമുള്ള സർക്കാർ വെബ്സൈറ്റുകളിൽ ഭൂപടം ലഭിക്കും. പരാതി നൽകാനുള്ള അപേക്ഷാഫോമും വെബ്സൈറ്റിലുണ്ട്.