ഖത്തർ ലോകകപ്പ് കലാശപ്പോരിലേക്കെത്തുമ്പോൾ ആരാകും ഫിഫയുടെ പൊന്നിൻകപ്പിൽ മുത്തമിടുന്നതെന്നാണ് ആരാധകർ കാത്തിരിക്കുന്നത്. ഇത്തവണത്തെ ലോകകപ്പ് ആവേശം ലോകമെങ്ങും ആഘോഷിക്കെ ഫിഫയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിൽ വരെ ഇടം കണ്ടെത്തിയ കേരളത്തിലെ ആരാധകര്‍ക്ക് നന്ദിയുമായി ബ്രസീല്‍ സൂപ്പർ താരം നെയ്മർ.
നെയ്‌മറുടെ കൂറ്റന്‍ കട്ടൗട്ട് നോക്കിനില്‍ക്കുന്ന ആരാധകന്‍റെയും കുട്ടിയുടേയും ചിത്രം സഹിതമാണ് ഇന്‍സ്റ്റഗ്രാം പോസ്റ്റ്. നെയ്‌മര്‍ ജൂനിയറിന്‍റെ ഒഫീഷ്യല്‍ വെബ്‌സൈറ്റിന്‍റെ പേരിലുള്ള ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലാണ് കേരളത്തിന് നന്ദി പറഞ്ഞുള്ള ചിത്രം പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.
ക്രൊയേഷ്യയ്ക്കെതിരെ ക്വാർട്ടർ ഫൈനലിൽ ഷൂട്ടൗട്ട് പരാജയപ്പെട്ട് പുറത്തുപോയെങ്കിലും ആരാധകരുടെ സ്നേഹത്തിനും പിന്തുണയ്ക്കും ടീമിന് കുറവുണ്ടായിട്ടില്ല. രണ്ടിനെതിരെ നാല് ഗോളിനായിരുന്നു ബ്രസീലിന്‍റെ തോല്‍വി.
ബ്രസീലിൻന്‌റെ പരാജയത്തിന് പിന്നാലെ നെയ്‌മര്‍ ബ്രസീലിയന്‍ കുപ്പായത്തില്‍ ഇനി കളിക്കുമോ ഇല്ലയോ എന്ന ചര്‍ച്ച തുടരുകയാണ്. കരിയറിൽ ഇത്രയും വേദനജനകമായ തിരിച്ചടിയുണ്ടായിട്ടില്ലെന്നായിരുന്നു ക്വാർട്ടർ ഫൈനലിലെ തോൽവിയ്ക്ക് പിന്നാലെ നെയ്മർ പ്രതികരിച്ചത്. വിരമിക്കൽ കാര്യങ്ങളെക്കുറിച്ചു താരം പ്രതികരിച്ചെങ്കിലും വ്യക്തമായ മറുപടിയല്ലായിരുന്നു നല്‍കിയത്. ഒന്നും ഉറപ്പിച്ചു പറയാറായിട്ടില്ലെന്നായിരുന്നു നെയ്മറിന്റെ പ്രതികരണം.