വിഴിഞ്ഞം തുറമുഖം ആവശ്യമായ പദ്ധതിയെന്ന് മുസ്ലിം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി. തുറമുഖം ഒരിക്കലും ഒഴിവാക്കാനാവില്ല. അതിനെപ്പറ്റി ആരും സംസാരിച്ചിട്ടില്ല. കടല്‍കയറ്റം, തൊഴില്‍ നഷ്ടം തുടങ്ങിയ മൂലം ജീവിതം പൊറുതിമുട്ടിയ സമൂഹമാണ് മത്സ്യത്തൊഴിലാളികള്‍. അവരുടെ പ്രശ്‌നം പരിഹരിച്ചു കൊടുക്കുക തന്നെ വേണം. അവരുടെ കണ്ണീര് ഒപ്പിയിട്ടില്ല. സജി ചെറിയാന്‍ പറഞ്ഞത് തീരത്തിന്റെ കണ്ണീരൊപ്പിയത് ഞങ്ങളാണെന്ന്. എന്നാല്‍ സജി ചെറിയാന്‍ കരഞ്ഞപ്പോള്‍ തീരമാണ് സജി ചെറിയാന്റെ കണ്ണീരൊപ്പിയതെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞു. മത്സ്യത്തൊഴിലാളികള്‍ക്ക് മതിയായ നഷ്ടപരിഹാരം നല്‍കി അവരെ സന്തോഷത്തോടെ കൂടെ നിര്‍ത്തി പ്രശ്‌നം പരിഹരിക്കണമെന്നും കുഞ്ഞാലിക്കുട്ടി ആവശ്യപ്പെട്ടു. ഈ ഘട്ടത്തിൽ പദ്ധതി വേണോ വേണ്ടയോ എന്ന് ചോദിക്കുന്നത് ശരിയല്ല. അടിയന്തിര പ്രമേയത്തിൽ പോലും ആവശ്യപ്പെട്ടത് സമരം ഒത്തുതീർക്കാൻ ശ്രമിക്കണം എന്നും ശ്രമിക്കുന്നുണ്ടെന്നും അത് തുടരണമെന്നുമാണ്. പ്രതിപക്ഷത്തിന് ചെയ്യാവുന്ന പരമാവധി വിട്ടുവീഴ്ച ചെയ്താണ് അടിയന്തിര പ്രമേയം പോലും അവതരിപ്പിച്ചത്.