സന്ദീപാനന്ദ ഗിരിയുടെ ആശ്രമത്തിന് തീയിട്ട കേസില്‍ വഴിത്തിരിവ്.സംഭവത്തിലെ മുഖ്യ സാക്ഷി പ്രശാന്ത് മജിസ്‌ട്രേറ്റിന് മുൻപിൽ മൊഴി മാറ്റി. ആശ്രമത്തിന് തീയിട്ടത് സമീപ വാസിയായിരുന്ന പ്രകാശ് എന്നയാളാണെന്ന് സഹോദരൻ പ്രശാന്ത് ക്രൈബ്രാഞ്ചിന് ആദ്യം നൽകിയ മൊഴിയാണ് ഇപ്പോൾ മാറ്റിപ്പറഞ്ഞത്. ആരാണ് തീയിട്ടതിന് പിന്നിലെന്ന് അറിയില്ല. സഹോദരനാണ് ആശ്രമം കത്തിച്ചതെന്ന് ക്രൈം ബ്രാഞ്ച് ഭീഷണിപ്പെടുത്തി പറയിപ്പിച്ചതാണെന്ന് മജിസ്ട്രേറ്റിന് നൽകിയ രഹസ്യ മൊഴിയിൽ പ്രശാന്ത് വ്യക്തമാക്കി.ജനുവരിയില്‍ ആത്മഹത്യചെയ്ത കുണ്ടമണ്‍കടവ് സ്വദേശി പ്രകാശും സുഹൃത്തുക്കളും ആശ്രമം കത്തിച്ചുവെന്നായിരുന്നു സഹോദരന്‍ പ്രശാന്ത് ക്രൈംബ്രാഞ്ചിന് മൊഴിനല്‍കിയിരുന്നത്. ആശ്രമത്തിന് തീയിട്ടകാര്യം മരിക്കുന്നതിന് ദിവസങ്ങള്‍ക്കുമുമ്പ് സഹോദരന്‍ തന്നോട് വെളിപ്പെടുത്തിയതായി പ്രശാന്ത് പറഞ്ഞിരുന്നു. എന്നാല്‍ കോടതിയില്‍ രഹസ്യമൊഴി നല്‍കിയപ്പോള്‍ പ്രശാന്ത് ഇക്കാര്യം നിഷേധിച്ചു. 2018 ഒക്ടോബര്‍ 27ന് ആണ് തിരുവനന്തപുരം കുണ്ടമണ്‍ കടവിലുള്ള സന്ദീപാനന്ദഗിരിയുടെ ആശ്രമം കത്തിച്ചത്. ആദ്യം തിരുവനന്തപുരം സിറ്റി പൊലീസ് അന്വേഷിച്ച കേസ് പിന്നീട് ക്രൈംബ്രാഞ്ചിന് കൈമാറുകയായിരുന്നു. നാല് വർഷത്തിന് ശേഷം കേസിൽ തുമ്പുണ്ടായെന്ന് ആശ്വസിക്കുമ്പോഴാണ് ഇത്തരമൊരു വഴിത്തിരിവ് വീണ്ടും വന്നിരിക്കുന്നത്.