കെപിസിസി അധ്യക്ഷൻ കെ സുധാകരന്റെ പ്രസ്താവനകൾ വളരെ ഗൗരവമുള്ളതെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ.വിവാദ പ്രസ്താവന നാക്കുപിഴയാണെന്നാണ് സുധാകരൻ പറഞ്ഞത്. പ്രധാനപ്പെട്ട നേതാക്കൾ കെപിസിസി പ്രസിഡന്റുമായി വിഷയത്തിൽ ആശയവിനിമയം നടത്തിയിട്ടുണ്ട്. പരാമർശത്തിൽ എതിർപ്പുയർത്തിയ ഘടക കക്ഷികളുമായി സംസാരിക്കും സതീശൻ പറഞ്ഞു.അതേസമയം കെ സുധാകരന്റെ മനസ് ബിജെപിക്ക് ഒപ്പമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ പറഞ്ഞു. കെ സുധാകരന്റെ അഭിപ്രായം മറ്റു നേതാക്കള്‍ക്ക് ഉണ്ട്. പക്ഷേ അവര്‍ അരക്ഷിതര്‍ ആണ്. കോൺഗ്രസിന് വേറെ ഓപ്ഷൻ ഇല്ലെന്നും ജനങ്ങൾ അവരെ കൈയോഴിയുന്നുവെന്നും കെ സുരേന്ദ്രൻ പറഞ്ഞു.ഇവിടെ ഓഫറുകൾ ഒന്നും നൽകാൻ ഇല്ലാത്തതിനാലാണ് കോൺഗ്രസ്‍ നേതാക്കൾ ബിജെപിയിലേക്ക് വരാത്തത്. പദവികൾ നൽകാൻ കഴിയുമെങ്കിൽ സ്ഥിതി മറിച്ച് ആകുമായിരുന്നുവെന്നും സുരേന്ദ്രൻ കൂട്ടിച്ചേർത്തു. കെ. സുധാകരനെ ചാരി ലീഗ് ഇടതുമുന്നണിയിലേക്ക് പോകാന്‍ ശ്രമിക്കുന്നുവെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു.ബിജെപിക്കോ ആര്‍എസ്എസിനോ കോണ്‍ഗ്രസ് സംരക്ഷണം ആവശ്യമില്ല. കോണ്‍ഗ്രസിന് എവിടെയെങ്കിലും സംരക്ഷണം ആവശ്യമുണ്ടെങ്കില്‍ ഞങ്ങള്‍ നല്‍കാം. കോണ്‍ഗ്രസിനാണ് ഇപ്പോള്‍ അരക്ഷിതത്വവും സംരക്ഷണവും ഇല്ലാത്തസ്ഥിതിയുള്ളതെന്നും സുരേന്ദ്രന്‍ പറഞ്ഞു.