പാലക്കാട്: ശ്രീനിവാസൻ വധ കേസിൽ ഒരാൾ കൂടി അറസ്റ്റിൽ. പാലക്കാട് ചടനാംകുറിശ്ശി സ്വദേശി നൗഷാദാണ് അറസ്റ്റിലായത്. കേസിൽ 36-ാം പ്രതിയാണ്. പോപ്പുലർ ഫ്രണ്ട് നേതാവായിരുന്നു. കേസിൽ അറസ്റ്റിലായവരുടെ എണ്ണം 30 ആയിരുന്നു. കേസിൽ 37-ാം പ്രതിയായിരുന്ന ബഷീർ കഴിഞ്ഞ ദിവസം അറസ്റ്റിലായിരുന്നു. കൂടാതെ എസ്.ഡി.പി.ഐ സംസ്ഥാന കമ്മിറ്റി അംഗമായിരുന്ന സമീർ അലി എന്നയാളെയും അറസ്റ്റ് ചെയ്തിരുന്നു.
ശ്രീനിവാസൻ വധക്കേസിൽ പോപ്പുലർ ഫ്രണ്ട് ജില്ലാ സെക്രട്ടറി അബൂബക്കർ സിദ്ധീഖും നേരത്തെ അറസ്റ്റിലായിരുന്നു. കൊലപാത പ്രേരണ, ഗൂഢാലോചന, പ്രതികളെ സഹായിക്കൽ, അടക്കം കുറ്റങ്ങൾ ചുമത്തിയായിരുന്നു അറസ്റ്റ്. പോപ്പുലർ ഫ്രണ്ട് നേതൃത്വത്തിൻ്റെ അറിവോടെയാണ് കൊലപാതകമെന്ന് നേരത്തെ പൊലീസ് വ്യക്തമാക്കിയിരുന്നു.
ഏപ്രിൽ 16 നാണ് ആർഎസ്എസ് പ്രവർത്തകനായ ശ്രീനിവാസനെ അക്രമികൾ കടയിൽ കയറി വെട്ടിക്കൊലപ്പെടുത്തുന്നത്. പോപ്പുലർ ഫ്രണ്ട് നേതാവ് സുബൈറിൻറെ കൊലപാതകത്തിന് പ്രതികാരമാണ് ശ്രീനിവാസൻ വധമെന്നാണ് അന്വേഷണ സംഘത്തിൻറെ കണ്ടെത്തൽ. പോപുലർ ഫ്രണ്ട് പ്രവർത്തകൻ സുബൈറിൻറെ മൃതദേഹം സൂക്ഷിച്ചിരുന്ന പാലക്കാട് ജില്ല ആശുപത്രി മോർച്ചറിക്ക് സമീപമാണ് ശ്രീനിവാസനെ കൊലപ്പെടുത്താനുള്ള ഗൂഢാലോചന നടന്നതെന്നാണ് പൊലീസ് കണ്ടെത്തിയത്.
അന്ന് രാത്രി മോർച്ചറിക്ക് പിറകിലെ ഗ്രൗണ്ടിൽ വച്ച് ഒരു വിഭാഗം ഗൂഢാലോചന നടത്തി. 16ന് പകൽ ഒരു മണിക്കാണ് രണ്ട് ബൈക്കുകളിലായി ആറുപേർ മേലാമുറിയിലെ എസ്കെഎസ് ഓട്ടോസ് എന്ന സ്ഥാപനത്തിന് മുന്നിലെത്തുന്നത്. തുടർന്ന് മൂന്ന് പേർ കടയിലേക്ക് ഓടിക്കയറി ശ്രീനിവാസനെ വെട്ടിക്കൊലപ്പെടുത്തുകയുമായിരുന്നു എന്നാണ് കേസ്.