ദില്ലി: ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിനുള്ള മുഖ്യമന്ത്രി സ്ഥാനാർഥിയെ പ്രഖ്യാപിച്ച് ആംആദ്മി പാർട്ടി. പ്രമുഖ ഗുജറാത്തി മാധ്യമപ്രവർത്തകൻ ഇസുദാൻ ഗാഥവിയാണ് മുഖ്യമന്ത്രി സ്ഥാനാർത്ഥി. നിലവിൽ പാർട്ടിയുടെ ദേശീയ ജനറൽ സെക്രട്ടറിയാണ്. സംസ്ഥാന അധ്യക്ഷൻ ഗോപാൽ ഇതാലിയ, ജനറൽ സെക്രട്ടറി മനോജ് സൊറാത്തിയ എന്നിവരെ കൂടി പരിഗണിച്ചിരുന്നെങ്കിലും അഭിപ്രായ വോട്ടെടുപ്പിലൂടെയാണ് ഇസുദാൻ ഗാഥവിയെ തീരുമാനിച്ചത്.
അഹമ്മദാബാദിൽ വച്ച് നടന്ന ചടങ്ങിൽ അരവിന്ദ് കെജരിവാളാണ് പ്രഖ്യാപനം നടത്തിയത്. പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ദ് മാനും ചടങ്ങിനെത്തിയിരുന്നു. ദൂരദർശനിൽ മാധ്യമപ്രവർത്തനം തുടങ്ങിയ ഗാഥവി വിടിവി ഗുജറാത്തി ചാനലിൽ മഹാമൻദൻ എന്ന ഷോയിലൂടെ ശ്രദ്ധേയനാണ്. ടിവി റിപ്പോർട്ടറായിരിക്കെ നിരവധി അഴിമതികൾ പുറത്ത് കൊണ്ട് വന്നിരുന്നു. അഴിമതിക്കെതിരായ പോരാട്ടമാണ് രാഷ്ട്രീയ ജീവിതത്തിലും തുടരുക എന്ന് ഇസുദാൻ ഗാഥവി പറഞ്ഞു