ചെന്നൈ:: മോഷ്ടിച്ച് കടത്തിയ രണ്ട് പുരാതന വിഗ്രഹങ്ങൾ കണ്ടെത്താനായി തമിഴ്നാട് സിഐഡി സംഘം. തമിഴ്നാട് തിരുവാരൂരിലെ വിശ്വനാഥ സ്വാമി ക്ഷേത്രത്തിൽ നിന്ന് അൻപത് വർഷം മുമ്പ് മോഷണം പോയ രണ്ട് പുരാതന വെങ്കല വിഗ്രഹങ്ങൾ വീണ്ടെടുക്കാനാണ് നടപടി തുടങ്ങിയത്. ഉമാ സോമസ്കന്ദരുടേയും തിരുജ്ഞാന സംബന്ധരുടേയും വിഗ്രഹങ്ങൾ അമേരിക്കയിലുണ്ടെന്ന് സിഐഡി ഐഡോൾ വിഭാഗം കണ്ടെത്തിയിരുന്നു. ഇതിൽ ആദ്യത്തേത് ഇപ്പോഴുള്ളത് വാഷിംഗ്ടൺ ഡിസിയിലെ ഫ്രീർ സാക്ലർ മ്യൂസിയത്തിലാണ്.
നൃത്തം ചെയ്യുന്ന രൂപത്തിലുള്ള തിരുജ്ഞാന സംബന്ധരുടെ വിഗ്രഹം ലണ്ടൻ ആസ്ഥാനമായ ലേല സ്ഥാപനമായ ക്രിസ്റ്റീസ് ഡോട് കോം, ഒരു അമേരിക്കൻ പൗരന് 81 ലക്ഷത്തിലേറെ രൂപയ്ക്ക് വിറ്റതായി വിവരം കിട്ടിയിരുന്നു. ഇതിപ്പോൾ ആരുടെ കൈവശമാണെന്ന വിശദാംശങ്ങൾ ലഭ്യമാക്കണമെന്നും പൊലീസ് ആവശ്യപ്പെടുന്നു.
ക്ഷേത്രത്തിൽ മോഷണം നടന്നതായി കണ്ടെത്തിയത് 2017ലാണ്. പുരാതന വിഗ്രങ്ങൾ മോഷ്ടിച്ചതിന് ശേഷം ആരോ വ്യാജ തനിപ്പകർപ്പുകൾ പകരം വയ്ക്കുകയായിരുന്നു. മ്യൂസിയത്തിൻറേയും ലേല സ്ഥാപനത്തിൻറേയും വെബ്സൈറ്റുകളിൽ വിഗ്രഹങ്ങളുടെ ചിത്രങ്ങൾ കണ്ട് തിരിച്ചറിഞ്ഞതിന് ശേഷമാണ് നടപടി തുടങ്ങിയത്. ഇവ അമേരിക്കയിലെത്തിയത് എങ്ങനെയെന്ന് ഇപ്പോൾ വ്യക്തമല്ല. പുരാവസ്തുക്കളുടെ കൈവശാവകാശം സംബന്ധിച്ച യുനസ്കോ ഉടമ്പടിപ്രകാരമാണ് തമിഴ്നാട് പൊലീസ് സിഐഡി വിഭാഗം വിഗ്രഹങ്ങൾ തിരിച്ചെത്തിക്കാനുള്ള നടപടികൾ നീക്കുന്നത്.