എൽദോസ് കുന്നപ്പിള്ളിൽ ഒളിവിൽ പോയത് തെറ്റെന്ന് കെ മുരളീധരൻ. ലോല മനസ് എല്ലാ കാര്യത്തിലും നല്ലതല്ല. ഞരമ്പ് രോഗം പലർക്കുമുണ്ട്. ഞരമ്പുരോഗികളെ എല്ലാ പാർട്ടിയിലും ഒറ്റപ്പെടുത്തണം. ഇതുപോലത്തെ ഞരമ്പുരോഗികൾ എല്ലാ പാർട്ടികളിലുമുണ്ട്. പാർട്ടി നടപടി വൈകിയെന്നാണ് വ്യക്തിപരമായ അഭിപ്രായമെന്നും മുരളീധരൻ തിരുവനന്തപുരത്ത് പറഞ്ഞു.
രാഹുൽ ഗാന്ധി മൽസരിച്ചിരുന്നെങ്കിൽ തരൂരിന് 100 വോട്ട് പോലും കിട്ടില്ലെന്ന് മുരളീധരൻ പരിഹസിച്ചു. മല്ലികാർജുൻ ഖർഗെ നല്ല ആരോഗ്യവാനാണ്, താങ്ങ് ആവശ്യമില്ലെന്ന് കെ.മുരളീധരൻ. അതിനാൽ കോൺഗ്രസിൽ വർക്കിങ് പ്രസിഡന്റുമാരെ ആവശ്യമില്ല. വർക്കിങ് കമ്മിറ്റിയിലേക്ക് കയറാനുള്ള സംവരണമല്ല സ്ഥാനാർഥിത്വം. വർക്കിങ് കമ്മിറ്റിയിലേക്ക് തരൂരിനും മൽസരിക്കാമെന്നും മുരളീധരൻ വ്യക്തമാക്കി.
പീഡനക്കേസിൽ പ്രതിച്ചേർക്കപ്പെട്ടതിനെ തുടർന്ന് ഒളിവിൽപോയ എൽദോസ് കുന്നപ്പിള്ളി കെപിസിസിക്ക് വിശദീകരണം നൽകാനുള്ള സമയം ഇന്ന് അവസാനിക്കും. അനുവദിച്ച സമയത്തിനുള്ളിൽ എംഎൽഎ വിശദീകരണം നൽകിയില്ലെങ്കിൽ കടുത്ത അച്ചടക്ക നടപടിയുണ്ടാകുമെന്ന് കെ. സുധാകരൻ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.