കോട്ടയം: സംസ്ഥാന പോലീസ് സേനയ്ക്ക് ആകെ നാണക്കേടുണ്ടാക്കിയ മാമ്പഴ മോഷണ കേസ് ഒത്തുതീർന്നു. മാമ്പഴ മോഷ്ടാവായ ഇടുക്കി എ ആർ ക്യാമ്പിലെ സിവിൽ പോലീസ് ഓഫീസർ പി വി ഷിഹാബിനെതിരെ പരാതിയില്ല എന്ന കച്ചവടക്കാരന്റെ ഹർജി കോടതി അംഗീകരിച്ചു. ഐ പി സി 379 പ്രകാരം ഉള്ള മോഷണ കേസിൽ തുടർ നടപടികൾ അവസാനിപ്പിച്ചു. കേസുമായി ബന്ധപ്പെട്ട് മറ്റ് എന്തെങ്കിലും കുറ്റങ്ങൾ ഉണ്ടെങ്കിൽ പൊലീസിന് അന്വേഷിക്കാമെന്നും കോടതി വ്യക്തമാക്കി. കാഞ്ഞിരപ്പള്ളി ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് നസീബ് അബ്ദുൽ റസാഖിന്റേതാണ് ഉത്തരവ്.
രണ്ടുദിവസമായി നടന്ന വാദത്തിന് ഒടുവിലാണ് പരാതിക്കാരൻ ഇല്ലെങ്കിൽ കേസ് ഒത്തുതീർപ്പാക്കാൻ കാഞ്ഞിരപ്പള്ളി ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി ഉത്തരവിട്ടത്. ഇക്കാര്യത്തിൽ പോലീസിന്റെ വാദങ്ങൾ തള്ളിക്കൊണ്ടാണ് കോടതി മാമ്പഴ മോഷ്ടാവായ പോലീസുകാരന് അനുകൂലമായ വിധി പുറത്തിറക്കിയത്.
പോലീസുകാരൻ പ്രതിയായ കേസ് ഒത്തുതീർപ്പാക്കാൻ അനുവദിച്ചാൽ സമൂഹത്തിൽ അത് തെറ്റായ സന്ദേശം നൽകുമെന്ന് ഇന്നലെ കോടതിയിൽ പോലീസ് വാദിച്ചിരുന്നു. കേസിൽ സാധാരണക്കാരനല്ല പ്രതി എന്ന് ചൂണ്ടിക്കാട്ടി കൊണ്ടായിരുന്നു പോലീസിന്റെ വാദമുഖങ്ങൾ. നിയമം നടപ്പിലാക്കേണ്ടവർ തന്നെ നിയമവിരുദ്ധ പ്രവർത്തനത്തിൽ ഏർപ്പെടുന്നത് അംഗീകരിക്കാൻ ആകില്ലെന്നും പോലീസിനു വേണ്ടി കോടതിയിൽ ഹാജരായ സർക്കാർ അഭിഭാഷക അഡ്വ പി അനുപമ വാദിച്ചു. വാദം കേട്ട ശേഷം വിധി പറയാനായി കോടതി ഇത് മാറ്റിവെക്കുകയായിരുന്നു.