ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ കോവിഡ് പുതിയ ജനിതക വകഭേദം (XBB, XBB1) റിപ്പോർട്ടു ചെയ്ത സാഹചര്യത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് അറിയിച്ചു. എല്ലാ ജില്ലകൾക്കും ആവശ്യമായ നിർദേശങ്ങൾ നൽകിയിട്ടുണ്ട്. ഇതുവരെയുള്ള കോവിഡ് വകഭേദങ്ങളിൽ നിന്നും വളരെ വ്യാപന ശേഷിയുള്ളതാണ് പുതിയ വകഭേദം. അതിനാൽതന്നെ പ്രതിരോധം കൂടുതൽ ശക്തിപ്പെടുത്തുന്നതാണ്. രോഗം ബാധിച്ചവരിൽ 1.8 ശതമാനം പേർക്ക് ആശുപത്രി ചികിത്സ ആവശ്യമായി വരാം. നിലവിൽ ആശങ്കപ്പെടേണ്ട യാതൊരു സാഹചര്യവുമില്ല. എങ്കിലും എല്ലാവരും ശ്രദ്ധിക്കേണ്ടതാണ്. സ്വയം പ്രതിരോധത്തിനായി എല്ലാവരും മാസ്‌ക് കൃത്യമായി ധരിക്കണം. പ്രായമായവരും അനുബന്ധ രോഗമുള്ളവരും മാസ്‌ക് നിർബന്ധമായും ധരിക്കണം. എയർപോർട്ടിലും അടച്ചിട്ട സ്ഥലങ്ങളിലും മാസ്‌ക് ധരിക്കേണ്ടതാണെന്ന് മന്ത്രി അഭ്യർത്ഥിച്ചു.
ആരോഗ്യ വകുപ്പിന്റെ മുൻകരുതലുകളും ക്രമീകരണങ്ങളും വിലയിരുത്താൻ മന്ത്രിയുടെ നേതൃത്വത്തിൽ ഉന്നതതല യോഗം വിളിച്ചു കൂട്ടി. സംസ്ഥാനത്ത് കോവിഡ് കേസുകൾ പൊതുവേ കുറഞ്ഞു വരികയാണെന്ന് യോഗം വിലയിരുത്തി. കോവിഡ് കേസുകൾ നിലവിൽ ആയിരത്തിൽ താഴെയാണ്. കോവിഡ് ജനിതക വകഭേദം ഉണ്ടായിട്ടുണ്ടോയെന്ന് പരിശോധിക്കാൻ സ്ഥിരമായി സാമ്പിളുകൾ അയച്ചു വരുന്നു. പുതിയ സാഹചര്യത്തിൽ കൂടുതൽ സാമ്പിളുകൾ ജനിതക വകഭേദത്തിനായി അയയ്ക്കും. ആശുപത്രി അഡ്മിഷൻ, കിടക്കകൾ, ഐസിയു ഉപയോഗം കൃത്യമായി എന്നിവ നിരീക്ഷിക്കാൻ മന്ത്രി നിർദേശം നൽകി.
ഇൻഫ്ളുവൻസ കേസുകളും കോവിഡും റിപ്പോർട്ടു ചെയ്യുന്ന സാഹചര്യത്തിൽ ഇൻഫ്ളുവൻസയ്ക്ക് സമാനമായ രോഗലക്ഷണങ്ങളുമായി വരുന്നവർക്കുള്ള മാർഗനിർദേശങ്ങൾ പുറത്തിറക്കുന്നതാണ്.
പ്രായമായവർക്കും അനുബന്ധ രോഗമുള്ളവർക്കും പുതിയ കോവിഡ് വകഭേദം ബാധിച്ചാൽ ഗുരുതരമാകാൻ സാധ്യതയുണ്ട്. അതിനാൽ തന്നെ അവർ കൂടുതൽ ശ്രദ്ധിക്കണം. പ്രായമായവരും ആരോഗ്യ പ്രവർത്തകരും അനുബന്ധ രോഗമുള്ളവരും നിർബന്ധമായും കരുതൽ ഡോസ് എടുക്കേണ്ടതാണ്.
ആരോഗ്യ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി ഡോ. ആശ തോമസ്, ആരോഗ്യ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ടിങ്കു ബിസ്വാൾ, എൻഎച്ച്എം സ്റ്റേറ്റ് മിഷൻ ഡയറക്ടർ ഡോ. കാർത്തികേയൻ, മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ ഡോ. തോമസ് മാത്യു, ആരോഗ്യ വകുപ്പ് ഡയറക്ടർ ഇൻ ചാർജ് ഡോ. മീനാക്ഷി, അഡീഷണൽ ഡയറക്ടർ ഡോ. സക്കീന, ഐ.എ.വി. ഡയറക്ടർ ഡോ. ശ്രീകുമാർ, സ്റ്റേറ്റ് പീഡ് സെൽ മേധാവി ഡോ. അനുജ, സ്റ്റേറ്റ് മെഡിക്കൽ ബോർഡ് ചെയർപേഴ്സൺ ഡോ. ചാന്ദിനി, തിരുവനന്തപുരം മെഡിക്കൽ കോളേജ് മൈക്രോബയോളജി വിഭാഗം മേധാവി ഡോ. മഞ്ജുശ്രി, ഇൻഫെക്ഷ്യസ് ഡിസീസ് വിഭാഗം മേധാവി ഡോ. അരവിന്ദ്, രാജീവ് ഗാന്ധി ബയോടെക്നോളജി സയന്റിസ്റ്റ് ഡോ. രാധാകൃഷ്ണൻ എന്നിവർ യോഗത്തിൽ പങ്കെടുത്തു.