ന്യൂഡൽഹി: ജഡ്ജിമാരുടെ നിയമനം നടത്തുന്ന കൊളീജിയം സംവിധാനത്തെ വിമർശിച്ച് കേന്ദ്ര നിയമന മന്ത്രി കിരൺ റിജ്ജു. ഈ സംവിധാനം സുതാര്യമല്ലെന്നും ജുഡീഷ്യറിയിലെ നിയമനങ്ങളിൽ ആഭ്യന്തര രാഷ്ട്രിയം നിലനിൽക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ജുഡീഷ്യറിക്ക് തെറ്റുപറ്റുമ്പോൾ പരിഹരിക്കാൻ മാർഗമില്ലെന്നും മന്ത്രി കുറ്റപ്പെടുത്തി. എന്നാൽ നേരത്തെ തന്നെ കൊളീജിയം ചേരാൻ കഴിയാതെ വന്നതിനാൽ നാല് സുപ്രീം കോടതി ജഡ്ജിമാരെ നിയമിക്കാനുള്ള തീരുമാനം ചീഫ് ജസ്റ്റിസ് ഉപേക്ഷിച്ചിരുന്നു.
ജുഡീഷ്യറിയെ അതിന്റെ പരിധിക്കുള്ളിൽ നിലനിർത്താനും നിയന്ത്രിക്കാനും ഒരു സംവിധാനമില്ലാത്തപ്പോഴാണ് ജുഡീഷ്യൽ ആക്ടിവിസം പോലുള്ള ചോദ്യങ്ങൾ ഉയർന്നുവരുന്നത്. കൂടാതെ പല ജഡ്ജിമാരും അവരുടെ ഉത്തരവിന്റെ ഭാഗമല്ലാത്ത നിരീക്ഷണങ്ങൾ നൽകുകയും, നടത്തുകയും ചെയ്യുന്നുണ്ട്. അവർ അവരുടെ ചിന്തകളെ തുറന്നുകാട്ടുകയാണ് ചെയ്യുന്നതെന്നും അതിൽ സമൂഹത്തിൽ എതിർപ്പുകളുണ്ടെന്നും മന്ത്രി പറഞ്ഞു.
‘നമുക്ക് നിയമസഭ, എക്‌സിക്യൂട്ടീവ്, ജുഡീഷ്യറി എന്നീ മൂന്ന് സ്തംഭങ്ങളുണ്ട്. എക്‌സിക്യൂട്ടീവും ലെജിസ്ലേച്ചറും അവരുടെ ചുമതലകളിൽ ബാധ്യസ്ഥരാണെന്നും ജുഡീഷ്യറി അവരെ തിരുത്തുമെന്നും കരുതുന്നു. എന്നാൽ വഴിതെറ്റുമ്പോൾ അവയെ പരിഷ്‌കരിക്കാൻ ഒരു മാർഗവുമില്ല.’ കേന്ദ്ര മന്ത്രി പറഞ്ഞു.’ജഡ്ജിമാർക്ക് പറയാനുള്ളത് അവർ പറയും. അഭിപ്രായങ്ങളിലൂടെയല്ല ഉത്തരവിലൂടെയാണ് പറയുന്നത്. ജഡ്ജിമാർ അവരുടെ ജോലിചെയ്യുന്നു, വിധിക്കുന്നു. അതിനനുസരിച്ച് ജോലിചെയ്യുന്നതിന്റെ ബുദ്ധിമുട്ട് അവർക്കറിയില്ല. പ്രായോഗിക ബുദ്ധിമുട്ടുകളെ കുറിച്ചോ സാമ്പത്തിക ബുദ്ധിമുട്ടുകളെ കുറിച്ചോ അവർക്കറിയില്ല.’ എന്നും മന്ത്രി കുറ്റപ്പെടുത്തി.