തിരുവനന്തപുരം: നിയമസഭാ കയ്യാങ്കളി കേസിൽ കോടതിയിൽ ഹാജരായി ഇടതുമുന്നണി കൺവീനർ, ഇ.പി.ജയരാജൻ. കേസിലെ മൂന്നാം പ്രതിയാണ് ജയരാജൻ. തിരുവനന്തപുരം സിജെഎം കോടതി ഇന്ന് ജയരാജന് കുറ്റപത്രം വായിച്ചു കേൾപ്പിക്കും. കേസിലെ മറ്റ് അഞ്ചു പ്രതികളും ഈ മാസം 14ന് കോടതി നേരിട്ട് ഹാജരായി കുറ്റപത്രം വായിച്ചു കേട്ടിരുന്നു. പക്ഷെ ജയരാജൻ അസുഖ കാരണം ചൂണ്ടികാട്ടി അന്ന് ഹാജരായിരുന്നില്ല.
പിന്നീട്, ഇന്ന് കേസ് പരിഗണിക്കുമ്പോൾ നേരിട്ട് ഹാജരാകണമെന്ന് ഇ.പി.ജയരാജന് കോടതി നിർദ്ദേശം നൽകിയിരുന്നു. കുറ്റപത്രം വായിച്ചു കേൾപ്പിച്ച ശേഷം വിചാരണ തീയതിയും കോടതി തീരുമാനിക്കും. ധനമന്ത്രിയായിരുന്ന കെ.എം.മാണിയുടെ ബജറ്റ് അവതരണം തടസ്സപ്പെടുത്തുന്നതിനിടെ നിയമസഭയിൽ 2.20 ലക്ഷം രൂപയുടെ പൊതുമുതൽ നശിപ്പിച്ചുവെന്നാണ് കേസ്. കേസിലെ പ്രധാന തെളിവായ കയ്യാങ്കളിയുടെ ദൃശ്യങ്ങളുടെ പകർപ്പ് പ്രതിഭാഗത്തിന് കൈമാറാൻ കോടതി പ്രോസിക്യൂഷന് നിർദ്ദേശം നൽകിയിട്ടുണ്ട്.
കാര്യങ്ങൾ കോടതിയെ ബോധ്യപ്പെടുത്തുമെന്ന് ഇ.പി.ജയരാജൻ. നിയമസഭയെ അവഹേളിച്ചത് യുഡിഎഫാണ്. നിയമസഭയ്ക്ക് യോജിക്കാത്ത രീതിയിലുള്ള പെരുമാറ്റം ഭരണപക്ഷത്ത് നിന്നുണ്ടായി. അത് കോടതിയെ ബോധ്യപ്പെടുത്തും. അത് കോടതിയെ ബോധ്യപ്പെടുത്തി. മഹാത്മാ ഗാന്ധി ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിന് വേണ്ടി പോരാടിയ നേതാവായിരുന്നു. ജവഹർലാൽ നെഹ്റു, ദേശീയ നേതാക്കൾ… പലരും ഭരണരംഗത്ത് നിൽക്കുമ്പോൾ തന്നെ കോടതിയിലും കേസിലുമൊക്കെ പെട്ടിട്ടുണ്ട്. ഇഎംഎസിനെ ശിക്ഷിച്ചിട്ടില്ലേ. അതൊക്കെ സാധാരണം. രാഷ്ട്രീയ പ്രവർത്തകർക്ക് നേരെ ഒട്ടനവധി കേസുകളുണ്ടാകും. അത് രാഷ്ട്രീയ പ്രവർത്തനത്തിന്റെ ഭാഗമായുണ്ടാകുന്നതാണ്. അതിനെ രാഷ്ട്രീയമായി കണ്ട് സമീപിക്കുക എന്നതാണ് പൊതുവേ രാഷ്ട്രീക്കാർ ചെയ്യാറുള്ളത്. പൊതുവേ, ഇടതുപക്ഷക്കാർ… ഇ.പി.ജയരാജൻ പറഞ്ഞു

