കോണ്‍ഗ്രസിന്റെ ഭാരത് ജോഡോ യാത്രയ്ക്കിടെ വീണ്ടും പോക്കറ്റടി. ആലപ്പുഴ ഡിസിസി പ്രസിഡന്റ് ബാബു പ്രസാദിന്റെ കൈവശമുണ്ടായിരുന്ന 5000 രൂപ നഷ്ടമായി.പോക്കറ്റിൽ കവറിൽ സൂക്ഷിച്ചിരിക്കുകയായിരുന്നു പണം. കൃഷ്ണപുരത്തെ സ്വീകരണത്തിനിടെയായിരുന്നു സംഭവം. ഭാരത് ജോഡോ യാത്രയ്ക്കിടെ ഇത്തരത്തിൽ സമാനമായ സംഭവം നേരത്തേയും ഉണ്ടായിരുന്നു. രാഹുല്‍ ഗാന്ധിയെ കാണാന്‍ കാത്തു നിന്നവരുടെ പണം നാലംഗ സംഘം കവര്‍ന്നിരുന്നു. ജോഡോ യാത്ര കടന്നു പോയ കരമന, തമ്പാനൂര്‍ എന്നിവിടങ്ങളിലെല്ലാം പലരുടെയും പേഴ്സും പണവും നഷ്ടപ്പെട്ടതായി പരാതി വന്നിട്ടുണ്ട്. ഇതോടെ പൊലീസ് സിസിടിവി പരിശോധിക്കുകയായിരുന്നു. നാലംഗ സംഘത്തെ പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. ഇന്ന് ആലപ്പുഴ ജില്ലയിലാണ് ഭാരത് ജോഡോ പര്യടനം നടക്കുന്നത്. രാവിലെ കൊല്ലം പുതിയ കാവിൽ നിന്ന് തുടങ്ങിയ യാത്രക്ക് ആലപ്പുഴ ജില്ല അതിർത്തിയായ കൃഷ്ണപുരത്ത് ഡിസിസിയുടെ നേത്യത്വത്തിൽ നൂറുകണക്കിന് പ്രവർത്തകർ സ്വീകരണം നൽകി. യാത്രയുടെ ആദൃ ഘട്ടം കായംകുളത്ത് സമാപിച്ചു. രണ്ടാം ഘട്ടം ഉച്ചകഴിഞ്ഞ് മൂന്നരയ്ക്ക് തുടങ്ങി നങ്ങ്യാർകുളങ്ങര എന്‍ടിപിസി ജംങ്ഷനിൽ സമാപിക്കും.സംസ്ഥാനത്ത് ഏറ്റവും കൂടുതൽ ദിവസം ജോഡോ യാത്ര സഞ്ചരിക്കുന്നത് ആലപ്പുഴ ജില്ലയിലൂടെയാണ്.