കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പ് നടപടിക്രമങ്ങളിലെ സുതാര്യതയിലും നീതിയിലും ഉത്കണ്ഠയുണ്ടെന്ന് കോണ്‍ഗ്രസ് എംപിമാര്‍.ഈ വിഷയം ചൂണ്ടിക്കാണിച്ച് ശശി തരൂര്‍ ഉള്‍പ്പെടെ അഞ്ചു കോണ്‍ഗ്രസ് എംപിമാര്‍ തിരഞ്ഞെടുപ്പ് ചുമതല വഹിക്കുന്ന മധുസൂദനന് മിസ്ത്രിയ്ക്ക് കത്തയച്ചു.
ശശി തരൂരിന് പുറമെ, മനീഷ് തിവാരി, കാര്‍ത്തി ചിദംബരം, പ്രദ്യുത് ബോര്‍ഡോലൈ, അബ്ദുല്‍ ഖാര്‍ക്വീ എന്നിവരാണ് കത്തില്‍ ഒപ്പുവെച്ചിട്ടുള്ളത്. തിരഞ്ഞെടുപ്പ് വോട്ടര്‍പട്ടിക മത്സരിക്കുന്ന സ്ഥാനാര്‍ഥികള്‍ക്ക് നല്‍കണമെന്നും തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഉയരുന്ന സംശയങ്ങള്‍ ദൂരീകരിക്കാന്‍ ഇത് ഉപകരിക്കുമെന്നും കത്തില്‍ പറയുന്നു.
തെരഞ്ഞെടുപ്പിന്റെ വോട്ടര്‍ പട്ടിക എല്ലാ സ്ഥാനാര്‍ത്ഥികള്‍ക്കും, വോട്ടവകാശം ഉള്ളവര്‍ക്കും നല്‍കണമെന്നും കത്തില്‍ ആവശ്യപ്പെടുന്നു. വോട്ടര്‍ പട്ടിക പുറത്തുവിടണമെന്ന തങ്ങളുടെ ആവശ്യത്തില്‍ തെറ്റായ ഇടപെടല്‍ നടന്നത് നിര്‍ഭാഗ്യകരമാണെന്നും കത്തില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്.
പാർട്ടിയുടെ ആഭ്യന്തര രേഖകൾ പുറത്തുവിടണമെന്നല്ല ആവശ്യപ്പെടുന്നത്. നാമനിർദേശ പ്രക്രീയകൾ ആരംഭിക്കുന്നതിനു മുൻപുതന്നെ, ഇലക്ടറൽ കോളജിൽ യോഗ്യതയുള്ള പിസിസി കമ്മിറ്റി അംഗങ്ങളുടെ പട്ടിക പുറത്തുവിടണമെന്നാണ് ആവശ്യം. ഇതുവഴി ആരൊക്കെയാണ് നാമനിർദേശം ചെയ്യപ്പെടാൻ യോഗ്യതയുള്ളവർ, ആർക്കാണ് വോട്ടവകാശം ഉള്ളത് എന്നു വ്യക്തമായി അറിയാനാകും.
കോൺഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പിനുള്ള വിജ്ഞാപനം ഈ മാസം 22 ന് പുറപ്പെടുവിക്കും. 30 വരെ നാമനിർദേശ പത്രിക സമർപ്പിക്കാം. ഒക്ടോബർ 17 നാണ് തെരഞ്ഞെടുപ്പ്. അതേസമയം രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്ര നാളെ കേരളത്തിൽ എത്തും. നാളെ രാത്രിയോടെ യാത്ര കേരള അതിര്‍ത്തിയായ പാറശാല ചേരുവരകോണത്തെത്തും. മറ്റന്നാൾ രാവിലെ ഏഴിന് പാറശാലയില്‍ നിന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന് എംപി, പ്രതിപക്ഷനേതാവ് വിഡി സതീശന് എന്നിവരുടെ നേതൃത്വത്തിൽ യാത്രയെ സ്വീകരിക്കും. നാല് ദിവസമാണ് തിരുവനന്തപുരത്തെ പര്യടനം. രാവിലെ 7 മുതല്‍ 10 വരെയും തുടര്‍ന്ന് വൈകുന്നേരം നാല് മുതല്‍ രാത്രി ഏഴ് വരെയുമായി ഓരോ ദിവസവും 25 കി.മീറ്റര്‍ ദൂരമാണ് പദയാത്ര വിവിധ പ്രദേശങ്ങളിലൂടെ കടന്ന് പോകുന്നത്.

