മരട് ഫ്‌ളാറ്റ് പൊളിക്കുന്നതിന്റെ മുന്നോടിയായി ഫ്‌ളാറ്റിലേക്കുള്ള കുടിവെള്ള വിതരണവും നിര്‍ത്തി. പുലര്‍ച്ചെ അഞ്ചുമണിയോടെ ഫ്‌ളാറ്റുകളിലെ വൈദ്യുതിയും വിച്ഛേദിച്ചിരുന്നു. കനത്ത പൊലീസ് സുരക്ഷയിലാണ് കെ.എസ്.ഇ.ബിയും ജല അതോറിറ്റിയും നടപടികള്‍ പൂര്‍ത്തിയാക്കിയത്. ഇതില്‍ പ്രതിഷേധിച്ച് ഫ്ലാറ്റ് ഉടമകള്‍ പ്രതിഷേധം ആരംഭിച്ചിട്ടുണ്ട്.
വെള്ളവും വൈദ്യുതിയും വിച്ഛേദിച്ച നടപടി മനുഷ്യാവകാശ ലംഘനമാണെന്ന് ഫ്‌ളാറ്റ് ഉടമകള്‍ പറഞ്ഞു. നഗരസഭാ സെക്രട്ടറിയുടെ ചുമതല വഹിക്കുന്ന സബ് കലക്ടറുടെ നിര്‍ദ്ദേശപ്രകാരമാണ് നടപടി. പാചകവാതക കണക്ഷനുകള്‍ വിച്ഛേദിക്കുന്നത് അടക്കമുള്ള നടപടികളും ഇന്ന് ഉണ്ടായേക്കും.
ഫ്‌ളാറ്റ് പൊളിക്കാതെ മുന്നോട്ട് പോകാന്‍ കഴിയില്ലെന്നും പൊളിച്ചില്ലെങ്കില്‍ സുപ്രീംകോടതിയില്‍ നിന്ന് കടുത്ത നടപടികള്‍ നേരിടേണ്ടി വരുമെന്നും ചീഫ് സെക്രട്ടറി ഇന്നലെ മന്ത്രിസഭാ യോഗത്തില്‍ വ്യക്തമാക്കിയിരുന്നു. ഫ്ളാറ്റ് സമുച്ചയങ്ങള്‍ പൊളിക്കുന്ന നടപടി ഒക്ടോബര്‍ 11നാണ് ആരംഭിക്കുന്നത്. ഫ്ളാറ്റുകളിലുള്ളവരെ ഞായറാഴ്ച മുതല്‍ ഒഴിപ്പിക്കും. മൂന്ന് മാസം കൊണ്ട് പൊളിക്കല്‍ പൂര്‍ത്തിയാക്കും.