നെഹ്റുട്രോഫി വള്ളംകളിക്ക് മുഖ്യാതിഥിയായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായെ ക്ഷണിച്ച് മുഖ്യമന്ത്രി പിണറായി വിജയന് കത്തയച്ചു. സെപ്തംബര്‍ നാലിനു പുന്നമടക്കായലില്‍ നടക്കുന്ന മത്സരത്തില്‍ മുഖ്യാതിഥിയായി എത്തണമെന്നും ഓണാഘോഷങ്ങളില്‍ പങ്കെടുക്കണമെന്നും 23ന് മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നയച്ച കത്തില്‍ അഭ്യര്‍ത്ഥിച്ചു.
തെലങ്കാന ഉള്‍പ്പെടെയുള്ള ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളുടെ ദക്ഷിണമേഖലാ കൗണ്‍സില്‍ യോഗം 30 മുതല്‍ സെപ്തംബര്‍ മൂന്ന് വരെ കോവളത്ത് വെച്ച് നടക്കുന്നുണ്ട്. അമിത് ഷാ ഉള്‍പ്പെടെയുള്ള നേതാക്കള്‍ യോഗത്തില്‍ പങ്കെടുക്കും. ഇതിനെത്തുമ്പോള്‍ നെഹ്റുട്രോഫി വള്ളംകളിയിലും പങ്കെടുക്കാനാണ് മുഖ്യമന്ത്രി അഭ്യര്‍ത്ഥിച്ചിരിക്കുന്നത്. കഴിഞ്ഞ 23 നാണ് കത്ത് മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്ന് അയച്ചത്.
മുഖ്യമന്ത്രി വള്ളംകളിക്ക് പങ്കെടുക്കുമെന്നതിനാല്‍ പ്രശ്നങ്ങളില്ലാതെ സമയക്രമം പാലിച്ചു വള്ളംകളി നടത്താനുള്ള ശ്രമത്തിലാണ് സംഘാടകര്‍. അമിത് ഷാ എത്തുകയാണെങ്കില്‍ നിയന്ത്രണങ്ങള്‍ കൂടുതല്‍ കര്‍ശനമാകും.
അതേസമയം അമിത് ഷാ പരിപാടിയില്‍ പങ്കെടുക്കുന്ന കാര്യത്തില്‍ വ്യക്തത വന്നിട്ടില്ലെന്നാണ് വിവരം. ഇത്തവണത്തെ നെഹ്റു ട്രോഫി വള്ളംകളിയില്‍ ഒന്‍പത് വിഭാഗങ്ങളിലായി 79 വള്ളങ്ങളാണ് മാറ്റുരയ്ക്കുന്നത്.