എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ വിശാല അധികാരം ശരിവെച്ച ഉത്തരവ് പുനഃപരിശോധിക്കുമെന്ന് സുപ്രീംകോടതി. പുനഃപരിശോധനാ ഹര്‍ജി നല്‍കിയവര്‍ക്ക് സുപ്രീം കോടതി നോട്ടിസ് അയച്ചു. ഇഡിയുടെ അധികാരങ്ങള്‍ ശരിവച്ച് സുപ്രീംകോടതിയുടെ മൂന്നംഗ ബെഞ്ചാണ് ജൂലൈയില്‍ ഉത്തരവ് പുറപ്പെടുവിച്ചത്.
രണ്ടു കാര്യങ്ങളാണ് പരിശോധിക്കേണ്ടതെന്ന് ചീഫ് ജസ്റ്റിസ് എന്‍വി രമണ അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. പ്രതിക്ക് കേസ് വിവര റിപ്പോര്‍ട്ട് (ഇസിഐആര്‍) നല്‍കേണ്ടതില്ലെന്ന നിര്‍ദ്ദേശവും കേസ് തെളിയും വരെ കുറ്റക്കാരനല്ലെന്നു കണക്കാക്കുന്ന, നീതിസങ്കല്‍പ്പത്തിനു വിരുദ്ധമായ ഭാഗവുമാണ് പുനഃപരിശോധിക്കേണ്ടതെന്നുമാണ് കോടതി പറഞ്ഞത്.
ഒരാള്‍ ആരോപണ വിധേയനാണെങ്കില്‍ ആരോപണ വിധേയനല്ല എന്നു തെളിയിക്കേണ്ടത് ആരോപണം നേരിടുന്ന ആളുടെ ഉത്തരവാദിത്തമാണെന്ന നിര്‍ദ്ദേശവും പുനഃപരിശോധിക്കും. ഇഡിക്ക് വിപുലമായ അധികാരങ്ങള്‍ നല്കുന്ന കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമത്തിലെ വ്യവസ്ഥകളുടെ ഭരണഘടനാസാധുത കഴിഞ്ഞ മാസമാണ് സുപ്രീം കോടതി അംഗീകരിച്ചത്. ഇഡിക്ക് വിപുലമായ അധികാരങ്ങള്‍ ലഭിക്കാന്‍ വഴിയൊരുക്കിയ ഈ വിധിക്കെതിരായ പുനഃപരിശോധനാ ഹര്‍ജിയിലാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചിന്റെ നിര്‍ണായക ഉത്തരവ്. തുറന്ന കോടതിയിലാണ് ഇതുമായി ബന്ധപ്പെട്ട ഹര്‍ജി പരിഗണിച്ചത്.
അറസ്റ്റ്, വസ്തുവകകളുടെ കണ്ടുകെട്ടല്‍, റെയ്ഡ്, തെളിവു പിടിച്ചെടുക്കല്‍ തുടങ്ങിയ അധികാരങ്ങള്‍ ഇഡിക്കു പ്രയോഗിക്കാമെന്ന് അധികാരങ്ങള്‍ ശരിവച്ച സുപ്രീം കോടതി വിധിയില്‍ വ്യക്തമാക്കിയിരുന്നു.