ഇടത് സര്‍ക്കാറിന്റെ സ്വപ്‌ന പദ്ധതിയായ സില്‍വര്‍ ലൈന്‍ ഉപേക്ഷിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ അറിയിച്ചു. സംസ്ഥാനത്തിന്റെ വികസനത്തിന് ഏറ്റവും ആവശ്യമുള്ള പദ്ധതിയാണിത്. ഇതിന് വേണ്ടി കേന്ദ്രത്തിന് അനുമതി നല്‍കേണ്ടി വരും. ചില പ്രത്യേക സ്വാധീനങ്ങള്‍ക്ക് വഴങ്ങിയാണ് പദ്ധതിക്കുള്ള അനുമതി വൈകിപ്പിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. പദ്ധതിക്ക് കേന്ദ്രം അനുമതി തന്നേതീരുവെന്നും മുഖ്യമന്ത്രി പറഞ്ഞു. നിയമസഭയില്‍ പ്രതിപക്ഷത്തിന്റെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.
‘കേരളത്തിന് അര്‍ദ്ധ അതിവേഗ റെയില്‍ വേണം. അതിന് പുതിയ ട്രാക്ക് വേണം. അതിനിനി സില്‍വര്‍ ലൈനെന്നോ കെ റെയില്‍ എന്നോ അതല്ല മറ്റെന്തെങ്കിലും പേരിട്ടാലും പ്രശ്‌നമില്ല. നാടിന് വേണ്ടതാണ് ഈ പദ്ധതി. സംസ്ഥാനം ഒരു അര്‍ദ്ധ അതിവേഗ റെയില്‍ പദ്ധതി കേന്ദ്രത്തിന് മുന്നിലേക്ക് വെച്ചു. കേന്ദ്രം പദ്ധതിക്കുള്ള പണി ഏറ്റെടുക്കുകയാണെങ്കില്‍ സന്തോഷമാണ്. സംസ്ഥാനത്തിന് അതി വേഗതയിലോടുന്ന ട്രെയിന്‍ വേണമെന്ന് മാത്രമേയുള്ളുവെന്നും മുഖ്യമന്ത്രി പറഞ്ഞു.
പദ്ധതിയുടെ ഭാഗമായി സാമൂഹികാഘാത പഠനത്തിനായി കല്ലിടുന്നതോടൊപ്പം ജിയോ ടാഗിങ്ങ് അടക്കുമുളള നൂതനമാര്‍ഗങ്ങള്‍ ഉപയോഗിച്ച് വീടുകള്‍, മരങ്ങള്‍ മതിലുകള്‍ മുതലായ സ്ഥലങ്ങളില്‍ അടയാളങ്ങള്‍ ഇടുന്ന പ്രവര്‍ത്തനങ്ങള്‍ നടന്നുവരികയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. പൊതുമുതല്‍ നശിപ്പിച്ച കേസുകളാണ് ഇതുമായി ബന്ധപ്പെട്ട് പൊലീസ് സ്വീകരിച്ചത്. ഇത് പിന്‍വലിക്കുന്ന കാര്യം പരിഗണനയില്‍ ഇല്ലെന്നും അദ്ദേഹം ചൂണ്ടികാട്ടി.