പശുവിനെ അറക്കുന്നവരെ കൊല്ലണം എന്ന് ആഹ്വാനം ചെയ്ത് ബിജെപി നേതാവ്. മുന്‍ എംഎല്‍എ ഗ്യാന്‍ ദേവ് അഹൂജയാണ് രാജസ്ഥാനില്‍ വിവാദ പ്രസംഗവുമായി എത്തിയത്. രാജ്യത്ത് പശുവിനെ കശാപ്പ് ചെയ്യുന്നവരെ കൊല്ലണമെന്നും ഇതുവരെ തങ്ങള്‍ അഞ്ച് പേരെ കൊന്നെന്നുമാണ് ബിജെപി മുന്‍ എംഎല്‍എ പറഞ്ഞത്. വിവാദ പ്രസംഗത്തിന്റെ വിഡിയോ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.
2017ലും 2018ലുമാണ് ഇവയില്‍ രണ്ട് കൊലപാതകങ്ങള്‍ നടന്നത്. പെഹ്ലുഖാന്റെയും രഖ്ബര്‍ ഖാന്റെയും കൊലപാതകങ്ങളാണ് രണ്ടെണ്ണമെന്ന് പറഞ്ഞ ബിജെപി നേതാവ് കൊല്ലപ്പെട്ട മറ്റ് മൂന്നുപേരുടെ പേര് പുറത്തുവിട്ടില്ല. ഗോവധക്കാരെ കൊല്ലുന്നവര്‍ക്ക് തങ്ങള്‍ സംരക്ഷണം നല്‍കുമെന്നും അവര്‍ക്ക് ജാമ്യം വാങ്ങി നല്‍കുമെന്നും മുന്‍ എംഎല്‍എ പറഞ്ഞു.
കൊല്ലാനുള്ള സ്വാതന്ത്ര്യം താന്‍ തൊഴിലാളികള്‍ക്ക് നല്‍കിയിട്ടുണ്ടെന്ന് പ്രസംഗത്തില്‍ ബിജെപി നേതാവ് പറയുന്നു. തങ്ങള്‍ അവരെ കുറ്റവിമുക്തരാക്കുകയും ജാമ്യം ഉറപ്പാക്കുകയും ചെയ്യുമെന്നും അഹൂജ വ്യക്തമാക്കുന്നു. അതേ സമയം പ്രസംഗത്തെ തള്ളി ബിജെപി രംഗത്തെത്തി. മുന്‍ എംഎല്‍എയുടേത് വ്യക്തിപരമായ അഭിപ്രായം മാത്രമാണെന്നും പാര്‍ട്ടിയുടേതല്ലെന്നും ബിജെപി അല്‍വാര്‍ യൂണിറ്റ് വ്യക്തമാക്കി.
പ്രസംഗത്തിന്റെ വീഡിയോ വൈറലായതിന് പിന്നാലെ വര്‍ഗീയ കലാപം ഉണ്ടാക്കാന്‍ ശ്രമിച്ചതിന് അഹൂജയ്‌ക്കെതിയെ കേസ് രജിസ്റ്റര്‍ ചെയ്തു. പശുവിനെ കശാപ്പുചെയ്യുന്നവരെ കൊല്ലുന്നവര്‍ ദേശസ്‌നേഹികളാണെന്നും ഛത്രപതി ശിവാജിയുടെയും ഗുരു ഗോബിന്ദ് സിംഗിന്റെയും പിന്‍ഗാമികളാണെന്നുമുള്ള പരാമര്‍ശങ്ങളും അഹൂജ മുന്‍പ് നടത്തിയിട്ടുണ്ട്.