ഉത്തരാഖണ്ഡിലും ഹിമാചലിലും മേഘ വിസ്‌ഫോടനം. കനത്ത മഴയില്‍ ഇരു സംസ്ഥാനങ്ങളിലും നദികള്‍ കരവിഞ്ഞൊഴുകി. ആറ് പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. 13 പേരെ കാണാതായി. ശക്തമായ മഴയെ തുടര്‍ന്ന് ഹമീര്‍പൂര്‍ ജില്ല വെള്ളത്തിനടിയിലാണ്. 22 ഓളം ആളുകളെ സുരക്ഷിതമായ ഭാഗങ്ങളിലേക്ക് എത്തിച്ചിട്ടുണ്ട്. ഒറ്റപ്പെട്ട ഇടങ്ങളില്‍ കുടുങ്ങിയവരെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റിയതായി അധികൃതര്‍ അറിയിച്ചു. ദേശീയ ദുരന്ത നിവാരണ സേന സംഘങ്ങള്‍ ഇരു സംസ്ഥാനങ്ങളിലും എത്തിയിട്ടുണ്ട്.
ഹിമാചല്‍പ്രദേശിലെ മണ്ഡിയിലും മേഘ വിസ്‌ഫോടനത്തെ തുടര്‍ന്ന് കനത്ത മഴ തുടരുകയാണ്. മണ്ഡിയില്‍ വലിയ തോതില്‍ മണ്ണിടിച്ചില്‍ ഉണ്ടായതായി ജില്ലാ കളക്ടര്‍ അറിയിച്ചു. ചമ്പ ജില്ലയില്‍ ഉരുള്‍ പൊട്ടലിനെ തുടര്‍ന്ന് വീട് തകര്‍ന്നുവീണു. ഇതിനിടയില്‍ പെട്ട് മൂന്ന് പേര്‍ മരിച്ചു. പുലര്‍ച്ചെ 4.30 ഓടെയാണ് സംഭവം നടന്നത്.
മാണ്ടിയില്‍ മിന്നല്‍ പ്രളയത്തില്‍ പെട്ട് ഒരു പെണ്‍കുട്ടി മരിച്ചു. 13 പേരെ കാണാതായി. വീട്ടില്‍ നിന്ന് അര കിലോമീറ്റര്‍ അകലെ നിന്നാണ് പെണ്‍കുട്ടിയുടെ മൃതദേഹം ലഭിച്ചത്. ഈ പെണ്‍കുട്ടിയുടെ കുടുംബാംഗങ്ങളും കൊല്ലപ്പെട്ടതായി സംശയിക്കുന്നു. വെള്ളപ്പൊക്കവും മണ്ണിടിച്ചിലും മൂലം മാണ്ഡി ജില്ലയിലെ നിരവധി റോഡുകളില്‍ ഗതാഗതം പൂര്‍ണ്ണമായും തടസ്സപ്പെട്ടിരിക്കുകയാണ്.
മേഘവിസ്ഫോടനത്തെ തുടര്‍ന്ന ഭാഗി മുതല്‍ ഓള്‍ കട്ടോല വരെയുള്ള പ്രദേശങ്ങളിലെ ആളുകള്‍ വീട് വിട്ട് ക്യാമ്പുകളിലേക്കും മറ്റും മാറിയിരിക്കുകയാണ്. കാഷാന്‍ ഗ്രാമത്തിലുണ്ടായിരുന്ന ഉരുള്‍ പൊട്ടലില്‍ വീട് തകര്‍ന്ന് വീണു. ആറോളം പേര്‍ വീടിനടിയില്‍ പെട്ടതായാണ് വിവരം. ഇവരുടെ മൃതദേഹം പോലും കണ്ടെടുക്കാനായിട്ടില്ല.
ബാല്‍, സാദര്‍, തുനാഗ്, മാണ്ടി, ലാമാതാച്ച് എന്നീ പ്രദേശങ്ങള്‍ വെള്ളത്തിനടിയിലാണ്. അതേസമയം കാംഗ്ര ജില്ലയിലെ ചക്കി പാലം തകര്‍ന്നുവീണു. കനത്ത മഴയെതുടര്‍ന്നുണ്ടായ വെള്ളപ്പൊക്കത്തിലാണ് പാലം തകര്‍ന്നത്. ഇതിന്റെ വീഡിയോ ദൃശ്യങ്ങളും പ്രചരിക്കുന്നുണ്ട്.