വിലക്കയറ്റത്തിനെതിരെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തെഴുതി ആറുവയസുകാരി. ഉത്തര്‍പ്രദേശിലെ കനൗജ് സ്വദേശിയായ കൃതി ദുബെയ് എന്ന കൊച്ചുകുട്ടിയാണ് കത്തെഴുതിയത്. പ്രധാനമന്ത്രി ജീ എന്ന് തുടങ്ങുന്ന കത്തില്‍ ആദ്യം കൃതി തന്നെ സ്വയം പരിചയപ്പെടുത്തുന്നുണ്ട്. ഹിന്ദിയിലാണ് കത്ത്. മാഗിക്കും പെന്‍സിലിനും വില കൂട്ടിയത് എന്തിനാണെന്ന ചോദ്യമാണ് ഒന്നാം ക്ലാസുകാരിയായ കൃതിയുടെ ചോദ്യം. സംഭവം സോഷ്യല്‍ മീഡിയയിലും വൈറലായിട്ടുണ്ട്.
കൃതിയുടെ കത്ത് ഇങ്ങനെ
‘എന്റെ പേര് കൃതി ദുബേ. ഞാന്‍ ഒന്നാം ക്ലാസില്‍ പഠിക്കുന്നു. ചില സാധനങ്ങളുടെ വില വന്‍തോതില്‍ വര്‍ധിപ്പിച്ചിരിക്കുകയാണ്. ഞാനുപയോഗിക്കുന്ന പെന്‍സിലിന്റെയും റബ്ബറിന്റെയും വില പോലും കൂട്ടിയിരിക്കുന്നു. മാഗിയുടെ വിലയും കൂട്ടി. ഒരു പെന്‍സില്‍ ചോദിക്കുമ്പോള്‍ അമ്മ എന്നെ തല്ലുകയാണ്. ഞാനെന്ത് ചെയ്യണം. മറ്റ് വിദ്യാര്‍ഥികള്‍ എന്റെ പെന്‍സില്‍ മോഷ്ടിക്കുന്നുമുണ്ട്. 70 ഗ്രാമുള്ള ചെറിയ പാക്കറ്റ് മാഗിക്ക് 14 രൂപയായി വര്‍ധിപ്പിച്ചിരിക്കുന്നു. 32 ഗ്രാം പാക്കറ്റിന്റെ വില ഏഴായും വര്‍ധിപ്പിച്ചു’
കത്ത് വൈറലായതിന് ശേഷം കൃതിയുടെ അച്ഛനും സംഭവത്തില്‍ പ്രതികരണം അറിയിച്ചിട്ടുണ്ട്. ഇത് തന്റെ മകളുടെ ‘മന്‍ കീ ബാത്ത്’ ആണെന്നാണ് അഭിഭാഷകന്‍ കൂടിയായ വിശാല്‍ ദുബെയുടെ പ്രതികരണം. പെന്‍സില്‍ ചോദിക്കുമ്പോള്‍ അമ്മ വഴക്ക് പറയുന്നത് ഈയിടെയായി കൃതിയെ നല്ലരീതിയില്‍ ബാധിക്കുന്നുണ്ടെന്നും അത് കാരണമാകാം ഇത്തരമൊരു കത്ത് എഴുതാന്‍ കൃതി തീരുമാനിച്ചതെന്നും വിശാല്‍ പറയുന്നു.