അഫ്ഗാനിസ്താനിലെ കാബൂളിലുള്ള അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ വെള്ളിയാഴ്ച നടന്ന ബോംബ് സ്ഫോടനത്തില്‍ മരിച്ചത് 19 പേരെന്ന് റിപ്പോര്‍ട്ട്. ഇന്നലെ ഉച്ചയ്ക്ക് കാബൂള്‍ ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ രാജ്യത്തെ ഷ്പജീസ ലീഗ് ടി20 മത്സരത്തിനിടെയായിരുന്നു ബോംബ് സ്‌ഫോടനം ഉണ്ടായത്. വൈകുന്നേരം 4.30 ഓടെയാണ് സ്ഫോടനം നടന്നതെന്നാണ് റിപ്പോര്‍ട്ട്.
സ്‌ഫോടനത്തില്‍ നാല് പേര്‍ക്ക് പരിക്കേറ്റെന്നും ആര്‍ക്കും ജീവഹാനിയില്ലെന്നും പ്രാദേശീക റിപ്പോര്‍ട്ടുകള്‍ പറയുന്നു. എന്നാല്‍ യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ് ‘ കുറഞ്ഞത് 19 സാധാരണക്കാരുടെ ജീവനെടുത്ത, കൂടുതല്‍ നാശനഷ്ടമുണ്ടാക്കിയ ഭീകരവാദ സ്‌ഫോടനത്തെ അപലപിച്ച് ട്വീറ്റ് ചെയ്തു. ചാവേര്‍ സ്ഫോടനമാണ് നടന്നതെന്നുമുള്ള തരത്തില്‍ സൂചനകള്‍ പുറത്തുവരുന്നുണ്ട്. ആക്രമണത്തിന്റെ ഉത്തരവാദിത്വം ഭീകരസംഘടനകള്‍ ആരും തന്നെ ഏറ്റെടുത്തിട്ടില്ല.
അതേസമയം സ്ഫോടനത്തെ തുടര്‍ന്ന് സ്റ്റേഡിയത്തില്‍ നടന്നുകൊണ്ടിരുന്ന ഷ്പാഗീസാ ലീഗ് മത്സരം മണിക്കൂറുകള്‍ക്ക് ശേഷം അതേ സ്റ്റേഡിയത്തില്‍ തന്നെ പുനരാരംഭിച്ചു. താലിബാന്‍ വക്താവാണ് ഇക്കാര്യം അറിയിച്ചത്. പൊട്ടിത്തെറിക്ക് പിന്നാലെ കായികതാരങ്ങള്‍ എല്ലാവരെയും അധികൃതര്‍ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയിരുന്നു. തുടര്‍ന്ന് കുറച്ചുനേരം മത്സരം നിര്‍ത്തിവെച്ചുവെന്നും പിന്നീട് സ്റ്റേഡിയം വൃത്തിയാക്കിയ ശേഷം മത്സരം പുനരാരംഭിച്ചുവെന്നുമാണ് വക്താവ് ഖാലിദ് സദ്രാന്‍ അറിയിച്ചത്.
‘സിവിലിയന്മാര്‍ക്കും സിവിലിയന്‍ വസ്തുക്കള്‍ക്കുമെതിരായ ആക്രമണങ്ങള്‍ അന്താരാഷ്ട്ര മാനുഷിക നിയമപ്രകാരം കര്‍ശനമായി നിരോധിച്ചിരിക്കുന്നു.’ എന്നും അന്റോണിയോ ഗുട്ടെറസ് തന്റെ ട്വീറ്റില്‍ കൂട്ടിചേര്‍ത്തു. എന്നാല്‍, സ്‌ഫോടനത്തില്‍ എത്ര പേര്‍ കൊല്ലപ്പെട്ടുവെന്നതിന് കൃത്യമായ കണക്കുകള്‍ ഇതുവരെ ലഭ്യമല്ല.