കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പില്‍ നിക്ഷേപക മരിച്ച സംഭവം അന്വേഷിക്കുമെന്ന് സഹകരണമന്ത്രി വിഎന്‍ വാസവന്‍. സംഭവത്തെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. ബാങ്കില്‍ നിന്നും പണം ലഭിക്കാത്തതിനെ തുടര്‍ന്നാണോ അവര്‍ മരിച്ചതെന്നും വ്യക്തതയില്ല. ഇക്കാര്യത്തില്‍ കൂടുതല്‍ വിവരങ്ങള്‍ തേടിയ ശേഷം തുടര്‍ നടപടിയുണ്ടാകുമെന്നും മനത്രി വി എന്‍ വാസവന്‍ അറിയിച്ചു.
അതേസമയം, കരുവന്നൂര്‍ സഹകരണ ബാങ്കിലെ നിക്ഷേപകരുടെ പണം തിരികെ നല്‍കുന്നതിനായി പ്രത്യേക പാക്കേജ് കൊണ്ടുവരുമെന്ന് മന്ത്രി അറിയിച്ചു. നിക്ഷേപങ്ങള്‍ക്ക് സുരക്ഷിതത്വം ഉറപ്പുവരുത്തുന്ന തരത്തില്‍ നിക്ഷേപ ഗ്യാരന്റി ബോര്‍ഡ് പുനഃസംഘടിപ്പിച്ച് ഫണ്ട് സ്വരൂപിക്കാന്‍ തീരുമാനിച്ചുവെന്നും മന്ത്രി മാധ്യമങ്ങളോട് സംസാരിക്കവെ പറഞ്ഞു.
നാലര ലക്ഷം രൂപ നിക്ഷേപകര്‍ക്ക് തിരികെ നല്‍കിയിട്ടുണ്ട്. ബാക്കി തുക കൂടി നല്‍കാന്‍ സഹായിക്കുന്ന രൂപത്തില്‍ കേരള ബാങ്കില്‍ നിന്ന് സ്പെഷ്യല്‍ ഓവര്‍ഡ്രാഫ്റ്റ് കൊടുക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. അതോടൊപ്പം തന്നെ നിക്ഷേപ ഗ്യാരന്റി ബോര്‍ഡില്‍ നിന്നും റിസ്‌ക് ഫണ്ടില്‍ നിന്നും സഹായം നല്‍കുമെന്നു മന്ത്രി പറഞ്ഞു.