അഷ്ടമുടി സഹകരണ ആശുപത്രിയില്‍ പ്രസവത്തെത്തുടര്‍ന്ന് മരിച്ച യുവതിയുടെ കുഞ്ഞും മരിച്ചു. മൈലക്കാട് സ്വദേശി വിപിന്റെ ഭാര്യ ഹര്‍ഷ തിങ്കളാഴ്ചയാണ് മരിച്ചത്. കൊല്ലത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ഇവരുടെ കുഞ്ഞ് ഇന്ന് ഉച്ചയോടെയാണ് മരിച്ചത്. അഷ്ടമുടി സഹകരണ ആശുപത്രിയിലെ ചികിത്സാ പിഴവാണ് ഹര്‍ഷയുടെ മരണകാരണം എന്നാണ് ബന്ധുക്കളുടെ ആരോപണം.
പ്രസവത്തിന് തൊട്ടുമുന്‍പാണ് ഹര്‍ഷയുടെ ആരോഗ്യനില മോശമായത്. പിന്നാലെ ശസ്ത്രക്രിയയിലൂടെ കുഞ്ഞിനെ പുറത്തെടുക്കുകയായിരുന്നു.
ഹര്‍ഷയുടെ ആരോഗ്യനില മോശമായത് ആദ്യം ബന്ധുക്കളെ അറിയിച്ചില്ലെന്നും ആരോപണമുണ്ട്. ഗുരുതരാവസ്ഥയിലായ യുവതിയെ കൊല്ലത്തെ തന്നെ മറ്റൊരു സ്വകാര്യ ആശുപത്രിയിലേയ്ക്ക് മാറ്റുന്നതിനിടെയായിരുന്നു മരണം സംഭവിച്ചത്. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് ആശുപത്രി അധികൃതര്‍ നല്കുന്ന വീശദീകരണം.