എറണാകുളം-അങ്കമാലി അതിരൂപത അപ്പൊസ്തോലിക് വികാരി ബിഷപ്പ് ആന്റണി കരിയില്‍ സ്ഥാനം രാജിവച്ചു. രാജിക്കത്ത് വത്തിക്കാന്‍ സ്ഥാനപതിക്ക് കൈമാറി. ഇതോടെ എറണാകുളം -അങ്കമാലി അതിരൂപതയില്‍ താല്‍ക്കാലികമായി അഡ്മിനിസ്ട്രേറ്റീവ് ഭരണമാകും ഉണ്ടാകുക.
സിറോ മലബാര്‍ സഭയിലെ ഭിന്നതയുമായി ബന്ധപ്പെട്ട് വത്തിക്കാന്‍ പ്രതിനിധി ന്യൂണ്‍ഷ്യോ ആര്‍ച്ച് ബിഷപ്പ് ലിയോപോള്‍ദോ ജിറേല്ലിയാണ് ചൊവ്വാഴ്ച കൊച്ചിയിലെത്തി അതിരൂപതാ മെത്രാപ്പൊലീത്തന്‍ വികാരി മാര്‍ ആന്റണി കരിയിലുമായി കൂടിക്കാഴ്ച നടത്തിയത്. നേരത്തേ നല്‍കിയ നിര്‍ദേശമനുസരിച്ച് രാജിവെക്കണമെന്ന് ബിഷപ്പ് ആവശ്യപ്പെട്ടതായും അതുപ്രകാരമാണ് മാര്‍ ആന്റണി കരിയില്‍ രാജി വെച്ചതെന്നുമാണ് വിവരം. തനിക്ക് പറയാനുള്ള എല്ലാ കാര്യവും വത്തിക്കാനെ അറിയിച്ചതായി ആന്റണി കരിയില്‍ പറഞ്ഞു.
ഭൂമിയിടപാട്, ഏകീകൃത കുര്‍ബാനയര്‍പ്പണത്തെ ചൊല്ലിയുളള തര്‍ക്കം തുടങ്ങിയ അവസരങ്ങളില്‍ കര്‍ദ്ദിനാളിനെതിരെ നിലപാടെടുത്ത വൈദികരെ ബിഷപ് ആന്റണി കരിയിലില്‍ പിന്തുണച്ചിരുന്നു. അതേസമയം, വത്തിക്കാന്‍ നിര്‍ദേശത്തില്‍ പ്രതിഷേധവുമായി അതിരൂപതയിലെ ഒരുവിഭാഗം വൈദികര്‍ രംഗത്തെത്തി. രാജിവെക്കേണ്ടത് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ആണെന്ന് നിലപാടെടുത്ത വൈദികര്‍, ബിഷപ്പ് രാജിവെക്കേണ്ടതില്ലെന്ന് പ്രമേയം പാസാക്കുകയും ചെയ്തു. അധികാര ദുര്‍വിനിയോഗത്തിന്റെ ഭാഗമായാണ് രാജി ആവശ്യമെന്ന് അതിരൂപതാ ആസ്ഥാനത്ത് പ്രതിഷേധയോഗം ചേര്‍ന്ന വൈദികര്‍ ആരോപിച്ചിരുന്നു.