വടകരയില്‍ പോലീസ് കസ്റ്റഡിയിലെടുത്ത യുവാവ് മരിച്ച സംഭവത്തില്‍ പോലീസുകാര്‍ക്കെതിരെ കൂട്ടനടപടി. 66 പൊലീസുകാരെയാണ് കൂട്ടത്തോടെ മാറ്റിയത്. മാനുഷിക പരിഗണന ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്ന് ഉണ്ടായില്ലെന്ന കണ്ടെത്തലിനെ തുടർന്നാണ് നടപടി.മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശപ്രകാരമാണ് നടപടി.രണ്ട് പോലീസുകാരെ നേരത്തെ സസ്പെന്‍ഡ് ചെയ്തിരുന്നു.സംഭവത്തിലെ ആഭ്യന്തര അന്വേഷണ റിപ്പോര്‍ട്ട് ഐജി കഴിഞ്ഞ ദിവസം കൈമാറിയിരുന്നു. മരിച്ച സജീവന് പ്രാഥമിക ചികിത്സ നല്‍കുന്നതില്‍ ഗുരുതര വീഴ്ച പൊലീസിന്റെ ഭാഗത്തുനിന്നുണ്ടായെന്ന് ഉത്തരമേഖല ഐജി റിപ്പോര്‍ട്ടില്‍ പറയുന്നു. നെഞ്ചുവേദന അനുഭവപ്പെട്ട കാര്യം പലതവണ പറഞ്ഞിട്ടും പൊലീസ് കാര്യമായി എടുത്തില്ല, സഹായിക്കാന്‍ ശ്രമിച്ചവരെ പിന്തിരിപ്പിച്ചുവെന്നും, ഗുരുതര വീഴ്ചയാണ് ഉണ്ടായതെന്നും റിപ്പോര്‍ട്ടിലുണ്ട്.
കൂടുതല്‍ അന്വേഷണങ്ങള്‍ക്ക് ശേഷം തുടര്‍ നടപടികളുണ്ടാകുമെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിക്കുന്നത്.വാഹനാപകടക്കേസില്‍ വ്യാഴാഴ്ച രാത്രിയാണ് സജീവനെ പോലീസ് കസ്റ്റഡിയിലെടുത്തത്.മദ്യപിച്ചെന്ന് ആരോപിച്ച് സജീവനെ പൊലീസുകാര്‍ മര്‍ദ്ദിച്ചെന്നും ഇതിന് പിന്നാലെ സജീവന്‍ നെഞ്ചുവേദ അനുഭവപ്പെടുന്നതായി പറഞ്ഞെങ്കിലും പൊലീസ് അവഗണിച്ചെന്നും സുഹൃത്തുക്കള്‍ പറഞ്ഞിരുന്നു. മുക്കാല്‍ മണിക്കൂറിന് ശേഷമാണ് സ്റ്റേഷനില്‍ നിന്ന് വിട്ടയച്ചത്. തുടര്‍ന്ന് സ്റ്റേഷനില്‍ നിന്നും പുറത്തിറങ്ങുന്നതിനിടെ സജീവന്‍ കുഴഞ്ഞുവീഴുകയായിരുന്നു.