മലയാള ചലച്ചിത്രരംഗത്തെ സമഗ്ര സംഭാവനയ്ക്കുള്ള 2021ലെ ജെ സി ഡാനിയേല്‍ പുരസ്കാരം മുതിര്‍ന്ന സംവിധായകന് കെ പി കുമാരന്. കോട്ടയത്ത് നടന്ന വാര്‍ത്താ സമ്മേളനത്തില്‍ മന്ത്രി വിഎന്‍ വാസവനാണ് പുരസ്കാര പ്രഖ്യാപനം നടത്തിയത്. അഞ്ച് ലക്ഷം രൂപയും ശില്പവുമാണ് പുരസ്കാരം.
സംസ്ഥാന സര്‍ക്കാറിന്റെ പരമോന്നത ചലച്ചിത്ര പുരസ്കാരമാണ് ജെ സി ഡാനിയേല്‍ അവാര്‍ഡ്. ഗായകന് പി ജയചന്ദ്രന് ചെയര്‍മാനായ ജൂറിയാണ് കെ പി കുമാരനെ പുരസ്കാരത്തിനായി തെരഞ്ഞെടുത്തത്. ഓഗസ്റ്റ് 3ന് തിരുവനന്തപുരത്ത് നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന് പുരസ്കാരം സമ്മാനിക്കും.
അരനൂറ്റാണ്ടോളം മലയാള ചലച്ചിത്ര മേഖലയ്ക്ക് നല്കിയ സംഭാവനകള്‍ കണക്കിലെടുത്താണ് 29-ാമത് പുരസ്കാര ജേതാവായി കെ.പി കുമാരനെ തിരഞ്ഞെടുത്തത്. കണ്ണൂര്‍ തലശ്ശേരി സ്വദേശിയായ കെപി കുമാരന്റെ ആദ്യ സംവിധാന സംരംഭമായിരുന്നു അതിഥി. തോറ്റം, രുക്മിണി, നേരം പുലരുമ്പോള്‍, ആദിപാപം, കാട്ടിലെ പാട്ട്, ആകാശഗോപുരം തുടങ്ങിയവ അദ്ദേഹം സംവിധാനം ചെയ്തത പ്രധാന ചിത്രങ്ങളാണ്. അടൂര്‍ ഗോപാലകൃഷ്ണന് ചിത്രമായ സ്വയംവരത്തിന്റെ തിരക്കഥാകൃത്ത് കൂടിയാണ് അദ്ദേഹം.
ജെ സി ഡാനിയേല്‍ പുരസ്കാരം വലിയ സന്തോഷവും ആശ്വാസവുമാണെന്നാണ് കെ പി കുമാരന്റെ പ്രതികരണം. പുരസ്കാരം കുമാരനാശാന് സമര്‍പ്പിക്കുന്നുവെന്നും അദ്ദേഹത്തിന്റെ വാക്കുകള്‍.