അന്തരിച്ച ബോളിവുഡ് നടന്‍ സുശാന്ത് സിങ് രാജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട ലഹരിമരുന്ന്‌ക്കേസില്‍ നടന്റെ കാമുകിയും ബോളിവുഡ് നടിയുമായ റിയ ചക്രവര്‍ത്തിയെ പ്രതിയാക്കി നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ (എന്‍സിബി)യുടെ കുറ്റപത്രം. റിയ ചക്രബര്‍ത്തി അടക്കം 34 പേര്‍ക്കെതിരേയാണ് കേസില്‍ എന്‍.സി.ബി. കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്.
കഞ്ചാവ് വാങ്ങിയതും കൈവശംവെച്ചതും ലഹരിമരുന്ന് വാങ്ങാന്‍ സാമ്പത്തിക സഹായം നല്‍കിയതും അടക്കമുള്ള കുറ്റങ്ങളാണ് റിയക്കെതിരേ ചുമത്തിയിട്ടുള്ളത്. കേസിലെ പത്താംപ്രതിയാണ് റിയ ചക്രബര്‍ത്തിയെന്നാണ് റിപ്പോര്‍ട്ട്. റിയയുടെ സഹോദരന്‍ ഷോവിക് ചക്രവര്‍ത്തിയും കേസിലെ പ്രതിയാണ്. കുറ്റക്കാരിയെന്നു കണ്ടെത്തിയാല്‍ റിയയ്ക്ക് 10 വര്‍ഷം വരെ തടവുശിക്ഷ ലഭിക്കാം. അമിതമായ ലഹരി ഉപയോഗത്തിന് നടന്‍ സുശാന്ത് സിങ് രാജ്പുത്തിനെ റിയ ചക്രബര്‍ത്തി പ്രേരിപ്പിച്ചതായും കുറ്റപത്രത്തില്‍ പറയുന്നു.
2020 സെപ്റ്റംബറില്‍ റിയ ചക്രബര്‍ത്തി അറസ്റ്റിലായെങ്കിലും ഒരുമാസത്തിന് ശേഷം ബോംബെ ഹൈക്കോടതി ജാമ്യം അനുവദിച്ചിരുന്നു.
2020 ജൂണ്‍ 14നായിരുന്നു സുശാന്ത് സിങ്ങിനെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് നടന്റെ മരണത്തില്‍ ദുരൂഹത ആരോപിച്ച് കുടുംബം രംഗത്തെത്തി. ആത്മഹത്യാപ്രേരണ കേസില്‍ പലതവണ റിയയെ സിബിഐ ചോദ്യം ചെയ്തു. പിന്നാലെ സുശാന്തിന്റെ ലഹരി ഉപയോഗവുമായി ബന്ധപ്പെട്ട കേസില്‍ നടിയെ എന്‍സിബി അറസ്റ്റ് ചെയ്തു. നടന് ലഹരി എത്തിച്ചുനല്‍കിയെന്നും താനും ലഹരിപാര്‍ട്ടിയില്‍ പങ്കെടുത്തിട്ടുണ്ടെന്നും റിയ സമ്മതിച്ചു. ഈ സംഭവത്തിനു ശേഷം ബോളിവുഡിലെ പല ലഹരിക്കേസുകളും പുറത്തുവന്നിരുന്നു.