കൊല്ലത്ത് വിനോദ യാത്രയ്ക്ക് മുമ്പ് ആവേശംപകരാന്‍ ടൂറിസ്റ്റ് ബസിന് മുകളില്‍ പൂത്തിരി കത്തിച്ച സംഭവത്തില്‍ കൊമ്പൻ’ ബസിലെ ജീവനക്കാർക്കെതിരെ നടപടിയെടുത്ത് പൊലീസ്. ഡ്രൈവറടക്കം നാലു പേർക്കെതിരെ കൊല്ലം അഞ്ചാലുംമൂട് പൊലീസ് കേസെടുത്തു. ഇവരെ അറസ്റ്റ് ചെയ്ത ശേഷം ജാമ്യത്തിൽ വിട്ടു. സ്ഫോടക വസ്തുക്കൾ അശ്രദ്ധമായി കൈകാര്യം ചെയ്യുക, ജീവന് ഭീഷണിയാകുന്ന തരത്തിൽ സ്ഫോടക വസ്തുക്കൾ ഉപയോഗിക്കുക എന്നീ കുറ്റങ്ങളാണ് ഇവർക്കെതിരെ ചുമത്തിയിരിക്കുന്നത്. ആറ് മാസം വരെ തടവ് ശിക്ഷ കിട്ടാവുന്ന കുറ്റമാണിത്.കഴിഞ്ഞ ദിവസം ഹൈക്കോടതി നിര്‍ദേശാനുസരണം രണ്ട് ബസുകളും പത്തനംതിട്ട ആര്‍ടിഒ പരിശോധിച്ചിരുന്നു ജിപിഎസ്, സ്പീഡ് ഗവര്‍ണര്‍ എന്നിവ ബസില്‍ ഘടിപ്പിച്ചിട്ടില്ലെന്ന് പരിശോധനയില്‍ കണ്ടെത്തി.
ബസിലെ നമ്പര്‍ പ്ലേറ്റുകള്‍ മാനദണ്ഡങ്ങള്‍ക്ക് വിരുദ്ധമായാണ് ഘടിപ്പിച്ചെന്നും സ്വിച്ചിട്ടാല്‍ പുക പുറപ്പെടുവിക്കുന്ന പ്രത്യേക സ്‌മോക്കര്‍ സംവിധാനം വാഹനത്തില്‍ നിന്ന് നീക്കം ചെയ്തിട്ടില്ലെന്നും ആര്‍ടിഒ കണ്ടെത്തിയിട്ടുണ്ട്. വാഹനം ഓടിച്ചുകൊണ്ട് നടത്തിയ പരിശോധനയില്‍ രണ്ട് ബസുകളില്‍ ഒന്നിലാണ് സ്പീഡ് ഗവര്‍ണര്‍ ഇല്ലെന്ന് തിരിച്ചറിഞ്ഞത്. രണ്ടാമത്തെ ബസില്‍ സ്പീഡ് ഗവര്‍ണര്‍ ഉണ്ടെങ്കിലും വേഗനിയന്ത്രണത്തിന് ഉതകുന്ന തരത്തില്‍ ഇത് ശരിയായ രീതിയില്‍ ഘടിപ്പിച്ചിരുന്നില്ലെന്നും കണ്ടെത്തിയിട്ടുണ്ട്.
ബസുകളിലെ വശങ്ങളിലെ ചില്ലുകള്‍ കറുത്ത പേപ്പര്‍ ഒട്ടിച്ച നിലയിലാണ്. മോട്ടോര്‍ വാഹന നിയമപ്രകാരം ഇതും ചട്ടവിരുദ്ധമാണ്. ഇതിന്റെ അടിസ്ഥാനത്തിൽ ബസിനെതിരെ കൂടുതൽ നടപടികൾ ഉണ്ടാകുമെന്ന് മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ വ്യക്തമാക്കിയിട്ടുണ്ട്.