സ്വാമി സന്ദീപാനന്ദഗിരിയുടെ ആശ്രമം കത്തിച്ച കേസില്‍ അന്വേഷണം അവസാനിപ്പിക്കുന്നു.മൂന്നര വര്‍ഷം അന്വേഷിച്ചിട്ടും പ്രതികളെ കണ്ടെത്താനാകാതെ വന്നപ്പോഴാണ് ക്രൈംബ്രാഞ്ച് അന്വേഷണം അവസാനിപ്പിക്കുന്നത്. തീ കത്തിച്ചത് പെട്രോളൊഴിച്ച് എന്നതിനപ്പുറം മറ്റ് തെളിവുകളൊന്നുമില്ല. ഈ സാഹചര്യത്തില്‍ ചില കാര്യങ്ങള്‍ കൂടി പരിശോധിച്ച ശേഷം അന്വേഷണം അവസാനിപ്പിച്ച് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കാനാണ് തീരുമാനം.2018 ഒക്ടോബർ 27ന് പുലർച്ചെയാണ് കുണ്ടമൺകടവിലുള്ള സന്ദീപാനന്ദഗിരിയുടെ ആശ്രമം തീപിടിച്ച നിലയിൽ കണ്ടെത്തിയത്. ആശ്രമത്തിന് മുന്നിൽ നിർത്തിയിരുന്ന മൂന്ന് വാഹനങ്ങൾ പൂർണമായും കത്തിനശിച്ചിരുന്നു. തീയിട്ടവർ ആദരാഞ്ജലികൾ എന്നെഴുതിയ റീത്തും വെച്ചിരുന്നു. മുഖ്യമന്ത്രിയടക്കമുള്ളവർ ആശ്രമത്തിലെത്തുകയും വലിയതോതിലുള്ള അന്വേഷണം പ്രഖ്യാപിക്കുകയും ചെയ്തു. ആറു മാസത്തിലധികം പൊലീസിന്റെ പ്രത്യേകസംഘത്തിനായിരുന്നു അന്വേഷണ ചുമതല. പിന്നീട് കേസ് ക്രൈംബ്രാഞ്ചിനു കൈമാറി. അന്നു ക്രൈംബ്രാഞ്ച് മേധാവിയായിരുന്ന ടോമിൻ തച്ചങ്കരി അടക്കമുള്ളവർ നേരിട്ടെത്തിയാണ് അന്വേഷിച്ചത്.
ആദ്യഘട്ടത്തില്‍ അന്വേഷണം വഴിതെറ്റിയെന്നാണ് ക്രൈംബ്രാഞ്ച് വിലയിരുത്തല്‍. ഉന്നത ഉദ്യോഗസ്ഥരുമായി ക്രൈം ബ്രാഞ്ച് സംഘം കൂടിയാലോചന നടത്തി ശേഷം അന്വേഷണം അവസാനിപ്പിക്കുന്നതില്‍ അന്തിമ തീരുമാനം കൈക്കൊള്ളും.