ബി.ജെ.പി. മുന്‍വക്താവ് നൂപുര്‍ ശര്‍മയുടെ തലവെട്ടുന്നവര്‍ക്ക് സ്വന്തം വീട് സമ്മാനമായി പ്രഖ്യാപിച്ച അജ്മേര്‍ ദര്‍ഗ പുരോഹിതന്‍ സല്‍മാന്‍ ചിസ്തിയെ രാജസ്ഥാന്‍ പോലീസ് അറസ്റ്റ് ചെയ്തു. പ്രവാചക വിരുദ്ധ പരാമര്‍ശം നടത്തിയ നൂപുര്‍ ശര്‍മയുടെ തലവെട്ടുന്നയാള്‍ക്ക് തന്റെ വീടു നല്‍കാമെന്നായിരുന്നു വാഗ്ദാനം. വിഡിയോയിലൂടെയാണ് ഇയാള്‍ ഭീഷണി സന്ദേശം പുറത്തുവിട്ടത്. പുലര്‍ച്ചെ ഒരു മണിയോടെയാണ് ഇയാളെ വീട്ടില്‍ നിന്നും പൊലീസ് അറസ്റ്റ് ചെയ്തത്.
പ്രവാചകനെ നിന്ദിച്ചതിന് നൂപുറിന്റെ തലയ്ക്കു വെടിവെക്കേണ്ടതാണെന്ന് ചിസ്തി പറയുന്നതും കേള്‍ക്കാം. ഹുസൂര്‍ ഖ്വാജ ബാബയുടെ ദര്‍ബാറില്‍നിന്നാണ് തന്റെ സന്ദേശമെന്നും അദ്ദേഹം പറയുന്നുണ്ട്. മുസ്ലിങ്ങള്‍ക്കൊപ്പം ഒട്ടേറെ ഹിന്ദുക്കളും സന്ദര്‍ശിക്കുന്ന ആരാധനാലയമാണിത്. ചിസ്തിയുടെ വീഡിയോയെ അജ്മേര്‍ ദര്‍ഗ ദിവാന്‍ സൈനുല്‍ ആബിദിന്‍ അലി ഖാന്‍ അപലപിച്ചിരുന്നു. മതസൗഹാര്‍ദത്തിന്റെ സ്ഥലമാണ് അജ്മേര്‍ ദര്‍ഗയെന്നും വീഡിയോയിലെ സന്ദേശം ദര്‍ഗയുടേതല്ലെന്നും അദ്ദേഹം വ്യക്തമാക്കി,
ക്രിമിനല്‍ പശ്ചാത്തലം ഉള്ളയാളാണ് ചിസ്തിയെന്ന് പൊലീസ് ഉദ്യോഗസ്ഥന്‍ ദല്‍വീര്‍ സിങ് ഫൗജ്ദര്‍ പറഞ്ഞു.