സിപിഎം പ്രതിസന്ധിയിലായ സമയത്തെല്ലാം പലതരത്തിലുള്ള ആക്രമണങ്ങള്‍ നടന്നിട്ടുണ്ടെന്ന് കെ കെ രമ എം എല്‍ എ. എകെജി സെന്ററിന് നേരെ ഉണ്ടായ ആക്രമണത്തിലെ പ്രതിയെ പിടികൂടുമെന്ന് താന്‍ വിശ്വസിക്കുന്നില്ല. കാരണം കള്ളന് കപ്പലില്‍ തന്നെയാണ്. കപ്പിത്താന് ആരെന്നാണ് ഇനി കണ്ടത്തേണ്ടതെന്നും കെ കെ രമ ആരോപിച്ചു.
ആര് എം പി രൂപീകരിക്കുന്ന സമയത്ത് ഒഞ്ചിയത്ത് നടന്നും സമാനമായ ആക്രമണമാണെന്നും അവര്‍ പറഞ്ഞു. എ കെ ജി സെന്റര്‍ ആക്രമിച്ചത് ഖേദകരവും പ്രതിഷേധകരവുമാണ്. നാല് ദിവസം കഴിഞ്ഞിട്ടും അതിന്റെ പ്രതികളെ ഇതുവരെ പിടി കൂടാന്‍ കഴിഞ്ഞിട്ടില്ലെയെന്നത് ആഭ്യന്തര വകുപ്പിന്റെ തികഞ്ഞ പരാജയമാണ്.
മുഖ്യമന്ത്രിക്കും ഗവണ്മെന്റിനുമെതിരെ ഉയര്‍ന്നു വന്നിട്ടുള്ള ആരോപണങ്ങള്‍ ഭരണമുന്നണിയെയും രാഷ്ട്രീയ അന്തരീക്ഷത്തെയും അങ്ങേയറ്റത്തെ ജീര്‍ണതയിലെത്തിച്ചിരിക്കുകയാണ്. ഇതിനെ വഴി തിരിച്ചു വിടാനുള്ള കുത്സിത ശ്രമങ്ങളുടെ ഭാഗമായിട്ട് തന്നെയാണ് ഇത്തരത്തിലുള്ള ആക്രമമുണ്ടായതെന്ന് സംശയിക്കുകയാണ്.
നിയമസഭയില്‍ ഉയരുന്ന ആരോപണങ്ങള്‍ക്ക് മറുപടി പറയാനാകാതെ ക്ഷുഭിതനാകുന്ന മുഖ്യമന്ത്രിയെയാണ് കണ്ടുകൊണ്ടിരിക്കുന്നത്. സിപിഎം പ്രതിസന്ധിയിലായിരിക്കുന്ന ഘട്ടങ്ങളിലൊക്കെ ഇതുപോലെയുള്ള അക്രമങ്ങള്‍ നടന്നിട്ടുണ്ട്. അതിന്റെ നേര്‍സാക്ഷ്യമാണ് ഒഞ്ചിയത്ത് കണ്ടത്. ആര് എം പി രൂപീകരിക്കുന്ന സമയത്ത് സമാനമായ സംഭവങ്ങള്‍ക്ക് സാക്ഷ്യരാകേണ്ടി വന്നിട്ടുണ്ട്. ആര് എം പി രൂപീകരിച്ച സമയത്ത് എകെജിയുടെ പേരിലുള്ള ഏരിയാ കമ്മിറ്റി ഓഫീസ് കത്തിച്ചിരുന്നു. അന്നത്തെ പാര്‍ട്ടി സെക്രട്ടറി പിണറായി വിജയന് അവിടെ വന്ന് വിമത കമ്മ്യൂണിസ്റ്റുകാരായ ഞങ്ങളെ കുലംകുത്തികള്‍ എന്ന് അധിക്ഷേപിച്ചിരുന്നു.
ആ സംഭവം നടന്ന് 14 വര്‍ഷമായിട്ടും ഇതുവരെ ഒരു പ്രതിയെ പോലും പിടിക്കാന്‍ കഴിഞ്ഞിട്ടില്ല. ആ സംഭവം നടക്കുന്ന സമയത്ത് കേളുവേട്ടന്റെ നാമധേയത്തിലുള്ള പാര്‍ട്ടി ഓഫീസില്‍ കല്ലെറിഞ്ഞ കേസില്‍ ഒരു പ്രതിയെ പോലും ഇന്ന് വരെ അറസ്റ്റ് ചെയ്തിട്ടില്ല. ഇ കെ നായനാരുടെ വീടിന് നേരെ ബോംബെറിഞ്ഞിട്ട് ഒരു പ്രതിയെ പോലും പിടി കൂടിയിട്ടില്ല. ഇത്തരത്തിലുള്ള സംഭവങ്ങള്‍ക്ക് നിരവധിയായ ഉദാഹരണങ്ങളുണ്ട്,
അതുകൊണ്ടാണ് സര്‍ക്കാര്‍ പ്രതിസന്ധിയിലാകുന്ന സമയത്ത് ഇതുപോലുള്ള അക്രമങ്ങള്‍ അഴിച്ചു വിട്ട് വഴി തിരിച്ച് വിടാനുള്ള ശ്രമങ്ങള്‍ നടന്നുകൊണ്ടിരിക്കുന്നത്. കള്ളന് കപ്പലില്‍ തന്നെയാണ്. കപ്പിത്താന് ആരാണെന്ന് മാത്രമേ കണ്ടെത്തേണ്ടതുള്ളൂ. കേരളത്തിന് അന്വേഷിച്ച് കണ്ടെത്താന്‍ കഴിഞ്ഞില്ലെങ്കില്‍ കേന്ദ്ര ഏജന്‍സിയെ ഏല്‍പ്പിക്കണം. എസ് എഫ് ഐക്കാര്‍ വാഴ നടേണ്ടത് ആഭ്യന്തരമന്ത്രിയുടെ കസേരയിലായിരുന്നുവെന്നും അവര്‍ പറഞ്ഞു.