പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന പരാതിയില്‍ മുന്‍ എംഎല്‍എ പിസി ജോര്‍ജ് അറസ്റ്റില്‍.സോളര്‍ കേസ് പ്രതിയായ യുവതിയുടെ പരാതിയില്‍ മ്യൂസിയം പൊലീസാണ് പിസി ജോര്‍ജിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. സ്ത്രീത്വത്തെ അപമാനിച്ചതിന് 354, 54 (അ) വകുപ്പുകള്‍ പ്രകാരമാണ് പിസി ജോര്‍ജിനെ അറസ്റ്റ് ചെയ്തത്. കേസിലെ വസ്തുത എന്താണെന്ന് താന്‍ തെളിയിക്കുമെന്നും സത്യം തെളിയിച്ച് പുറത്തിറങ്ങുമെന്നും അദ്ദേഹം പീഡനക്കേസില്‍ അറസ്റ്റിലായതിന് പിന്നെലെ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ഈ കാര്യം കൊണ്ടൊന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ രക്ഷപ്പെടില്ലെന്നും മുഖ്യമന്ത്രിയുടെ കൈയില്‍നിന്ന് പണം വാങ്ങി പരാതിക്കാരി നടത്തുന്ന മര്യാദകേടിന് ദൈവം അവരോട് പൊറുക്കട്ടെയെന്നും പി.സി. പറഞ്ഞു.മനപ്പൂര്‍വ്വം കേസില്‍ കുടുക്കുന്നത് മുഖ്യമന്ത്രി പിണറായി വിജയനെന്ന് പി സി ജോര്‍ജിന്‍റെ ഭാര്യ ഉഷ മാധ്യമങ്ങളോട് പറഞ്ഞു . മുഖ്യമന്ത്രിയുടെ കളിയാണിത്. രാഷ്ട്രീയ വൈരാഗ്യമാണ് പിന്നില്‍. മുഖ്യമന്ത്രിക്ക് ചേരുന്ന ശൈലിയല്ല ഈ വേട്ടയാടലെന്നും ഉഷ പറഞ്ഞു. മുൻമുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്കെതിരായ പീഡന പരാതി കേസിൽ താൻ സിബിഐക്ക് സത്യസന്ധമായി മൊഴി നൽകിയതിനുള്ള പ്രതികാരമായാണ് തൻ്റെ പേരിൽ പുതിയ പീഡന പരാതി കെട്ടിചമച്ചതെന്ന് പിസി ജോർജ്ജ് പറഞ്ഞു. കേസിലെ പരാതിക്കാരി തന്നെ നേരത്തെ വന്നു കാണുകയും മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്കെതിരായ പരാതി കേസിൽ അനുകൂലമായി മൊഴി നൽകണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.