പ്രതിപക്ഷത്തിനെതിരെ വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയവര്‍ തന്നെ അത് തടസപ്പെടുത്തിയെന്ന് മുഖ്യമന്ത്രി പറഞ്ഞു . തൃക്കാക്കര ഉപതെരഞ്ഞെടുപ്പിന് ശേഷം ആദ്യമായി നടത്തിയ പത്രസമ്മേളനത്തിലാണ് അദ്ദേഹം പ്രതിപക്ഷത്തിനെതിരെ രംഗത്ത് വന്നത്.സംസ്ഥാനത്ത് കഴിഞ്ഞ കുറച്ച് കാലങ്ങളായി നടത്തുന്ന ഹീനമായ കാര്യങ്ങളില്‍ ഒന്നായി മാത്രമേ ഇന്ന് നിയമസഭയില്‍ നടന്ന സംഭവങ്ങളേയും കാണാന്‍ സാധിക്കൂവെന്നും അദ്ദേഹം പറഞ്ഞു.ചോദ്യോത്തരവേള പൂര്‍ണമായി തടസപ്പെടുത്തുന്ന നിലയാണുണ്ടായത്. ഇന്നതിന്റെ അടിസ്ഥാനത്തിലാണ് ഇത്തരമൊരു നിലപാടെടുക്കുന്നത് എന്ന് സാധരണ ഇത്തരം ഘട്ടങ്ങളില്‍ പറയാറുണ്ട്. എന്നാല്‍ പ്രതിപക്ഷ നേതാവ് ഒരക്ഷരം സംസാരിച്ചില്ല. ആരും സംസാരിച്ചില്ല. പകരം നടത്തുളത്തിലിറങ്ങലും മുദ്രാവാക്യം വിളിയും ബാനറുയര്‍ത്തി സ്പീക്കറുടെ കാഴ്ച മറയ്ക്കുകയുമാണ് ഉണ്ടായത്. ചട്ട വിരുദ്ധമാണ് ഇതെല്ലാം. എന്താണ് പ്രശ്‌നമെന്ന് സഭയ്ക്ക് മുന്നില്‍ പറയാന്‍ പ്രതിപക്ഷം തയ്യാറാകുന്നില്ല. നിയമസഭയോട് ഈ രീതിയിലുള്ള സമീപനം ഇതേവരെ നമ്മുടെ സഭയില്‍ ഉണ്ടായിട്ടില്ല. അതാണ് ഇന്നത്തെ സഭയുടെ പ്രത്യേകത. സാധാരണ നിലയില്‍ ജനാധിപത്യ രീതിയിലുള്ള സമീപനമല്ല ഇത്. ഇക്കാര്യത്തെക്കുറിച്ച് എന്ത് ന്യായീകരണമാണ് പ്രതിപക്ഷം പറഞ്ഞതെന്ന് അറിയില്ല.
സഭയ്ക്കും നാടിനും പോലും അംഗീകരിക്കാന്‍ സാധിക്കാത്ത നിലപാടാണ് ഇന്ന് സഭയില്‍ പ്രതിപക്ഷം എടുത്തത്. ജനാധിപത്യ അവകാശങ്ങള്‍ തങ്ങള്‍ അംഗീകരിക്കുന്നില്ല എന്നാണ് പ്രതിപക്ഷ നിലപാട്. വല്ലാത്തൊരു അസഹിഷ്ണുതയാണ് പ്രതിപക്ഷത്തിന്റെ ഭാഗത്ത് നിന്നു സഭയില്‍ കണ്ടത്. മുഖ്യമന്ത്രി പറഞ്ഞു.കോൺഗ്രസിന്റെ കുത്സിത ശ്രമത്തിന്റ ഭാഗമാണ് ഗാന്ധി ചിത്രം താഴെയിട്ടതെന്ന് മുഖ്യമന്ത്രി ആരോപിച്ചു. ഒരു ചാനൽ പകർത്തിയ ദൃശ്യത്തിൽ ഗാന്ധി ചിത്രം ചുമരിലുണ്ട്. അത് വാർത്തയായി വന്നിട്ടുണ്ട്. എസ്എഫ് ഐക്കാർ പോയതിന് ശേഷമുളള ദൃശ്യങ്ങളാണത്. അതിൽ ഗാന്ധി ചിത്രം ചുമരിലാണുള്ളത്.
മാധ്യമ പ്രവർത്തകരിറങ്ങിയ ശേഷവും എസ്എഫ്ഐക്കാർ പോയ ശേഷവും കോൺഗ്രസുകാരാണ് അവിടെയുണ്ടായിരുന്നത്. ആരുടെ കുബുദ്ധിയിൽ നിന്നാണ് ഈ ആശയമുണ്ടായത്. ചുമരിലെ ചിത്രം ആരാണ് താഴെയെത്തിച്ചത്. ആരാണ് അങ്ങനെയൊരു കുബുദ്ധി കാണിച്ചത്. എസ് എഫ് ഐക്കാർ പോയ ശേഷമാണ് ഗാന്ധി ചിത്രം തകർത്തതെന്ന് വ്യക്തമാണ്. ഇവർ ഗാന്ധി ശിഷ്യർ തന്നെയാണോയെന്ന് ചോദിച്ച മുഖ്യമന്ത്രി, ഗോഡ്സേ പ്രായോഗികമായി ചെയ്തത് പ്രതീകാത്മകമായി ഇവർ ചെയ്യുകയാണെന്നും പറഞ്ഞു. പത്രസമ്മേളനത്തിൽ പങ്കെടുക്കുന്ന ആളെ ഇറക്കിവിടുമെന്ന് ഭീഷണി സ്വരത്തിൽ പറയുന്നത് ഇവിടെ ആദ്യമായി നടന്ന കാര്യമായിരിക്കുമെന്നും അദ്ദേഹം വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
സംസാരിക്കുന്ന ആളുടെ ഇഷ്ടത്തിനല്ലല്ലോ മാധ്യമപ്രവർത്തകർ ചോദ്യങ്ങൾ ചോദിക്കുന്നത്. പ്രതിപക്ഷ നേതാവിനോട് അങ്ങനെ ചോദ്യം ചോദിച്ചപ്പോൾ അവിടെ ഉണ്ടായ മറുപടി ദൃശ്യമാധ്യമങ്ങളിൽ കണ്ടതാണ്. പത്രസമ്മേളനത്തിൽ പങ്കെടുത്ത ആളെ ഇറക്കിവിടുമെന്ന് ഭീഷണി സ്വരത്തിൽ പറയുന്നത് ഇവിടെ ആദ്യമായി നടന്ന കാര്യമായിരിക്കും. അതിന്റെ തുടർച്ചയായി, ചില കൈകൾ അറുത്തുമാറ്റും എന്ന് പറഞ്ഞുകൊണ്ടുള്ള അണികളുടെ ആക്രോശങ്ങളും വന്നിട്ടുണ്ട്.
ഇവിടെ രണ്ട് സമീപനം കൃത്യമായി കാണണം. തെറ്റായ ഒരു കാര്യം സംഭവിച്ചപ്പോൾ രണ്ടാമതൊന്ന് ആലോചിക്കാതെ അതിനെ തള്ളിപ്പറഞ്ഞ ഒരു സംസ്കാരം. അതിനെതിരെ കർക്കശമായ നടപടിയെടുക്കാൻ തയ്യാറായ ഭരണരീതി. എന്നാൽ നമ്മുടെ സംസ്ഥാനത്ത് ഇത്തരത്തിലുള്ള സമീപനം തന്നെയാണോ നേരത്തെ നടന്നിട്ടുള്ളത് എന്ന് ചിന്തിക്കേണ്ടതാണെന്നും മുഖ്യമന്ത്രി പറഞ്ഞു.