അന്താരാഷ്ട്ര യോഗാദിനത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ യോഗാഭ്യാസം. കർണാടക മൈസൂരു പാലസ് ഗ്രൗണ്ടിലാണ് മെഗാ യോഗാഭ്യാസം നടന്നത്. സമാധാനത്തിലേക്കുള്ള വഴിയാണ് യോഗ എന്ന് നരേന്ദ്ര മോദിപറഞ്ഞു . മനുഷ്യരെ തമ്മിൽ കൂട്ടിയിണക്കുന്ന കണ്ണിയാണ് യോഗ. രാഷ്ട്രങ്ങൾക്ക് ഇടയിൽ സമാധാനം കൊണ്ട് വരാൻ യോഗയ്ക്ക് കഴിയുമെന്നും മൈസൂരുവിൽ നടന്ന യോഗാ ദിനാചരണ പരിപാടിയിൽ മോദി പറഞ്ഞു. യോഗ മാനവികതയ്ക്കാണ്. സമൂഹത്തിന് സമാധാനം പകരാൻ യോഗ ഉപകരിക്കും. യോഗ മാനസികാരോഗ്യത്തിന് ഉത്തമമാണ്. യോഗാദിനം രാജ്യത്തിൻ്റെ ഉത്സവ ദിനം. ആയുഷ് മന്ത്രാലയം സ്റ്റാർട്ടപ്പ് യോഗാ ചലഞ്ച് ആരംഭിച്ചു എന്നും അദ്ദേഹം വിശദീകരിച്ചു.രാജ്യത്തെ പ്രധാനപ്പെട്ട 75 കേന്ദ്രങ്ങളിലായി യോഗാദിന പരിപാടികൾ നടന്നു. മൈസൂരു അംബാവിലാസ് പാലസ് ഗ്രൗണ്ടില്‍ നടന്ന പരിപാടിയിൽ പ്രധാനമന്ത്രി പങ്കെടുത്തപ്പോൾ മറ്റ് എഴുപത്തിനാലിടങ്ങളിൽ വിവിധ കേന്ദ്ര മന്ത്രിമാരുടെയും മുതിർന്ന പാർലമെന്റ് അംഗങ്ങളുടെയും നേതൃത്വത്തിലാണ് യോഗാദിനാചരണം നടന്നത്. മൈസൂരു രാജാവ് യെദ്ദുവീര്‍ കൃഷ്ദത്ത, മഹാറാണി പ്രമോദദേവി കേന്ദ്ര ആയുഷ് മന്ത്രി സര്‍ബാനന്ദ സോനോവാള്‍ എന്നിവര്‍ പ്രധാനമന്ത്രിക്കൊപ്പം മൈസൂരുവിലെ ചടങ്ങിൽ പങ്കെടുത്തു.