പയ്യന്നൂര്‍ ഫണ്ട് വിവാദത്തിൽ മുൻ ഏരിയ സെക്രട്ടറി വി കുഞ്ഞികൃഷണനുമായി മധ്യസ്ഥ ചര്‍ച്ച നടത്തിയിട്ടില്ലെന്ന് സിപിഐഎം സംസ്ഥാന കമ്മിറ്റിയംഗം പി.ജയരാജൻ.സംഘടനാ വിഷയങ്ങളിൽ അഭിപ്രായം പറയേണ്ടത് ജില്ലാ സെക്രട്ടറിയാണ്. മധ്യസ്ഥചര്‍ച്ച നടത്തുന്ന രീതി സിപിഐഎമ്മിനില്ലെന്ന് അദ്ദേഹം പറഞ്ഞു.അതേസമയം താന്‍ നിലപാടില്‍ ഉറച്ച് നില്‍ക്കുന്നുവവെന്നും കൂടുതലൊന്നും പറയാനില്ലെന്നും പി ജയരാജനുമായുള്ള കൂടികാഴ്ച്ചയ്ക്ക് ശേഷം പുറത്തിറങ്ങിയ കുഞ്ഞികൃഷ്ണന്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. പയ്യന്നൂര്‍ ഖാദി സെന്ററിലെ പി ജയരാജന്റെ ഓഫീസില്‍ വെച്ചായിരുന്നു കൂടികാഴ്ച്ച. പത്ത് മിനുറ്റ് പോലും കൂടികാഴ്ച്ച നീണ്ടില്ല.
പയ്യന്നൂരിൽ മൂന്ന് പാർട്ടി ഫണ്ടുകളിലായി ഒരുകോടിയിലേറെ രൂപയുടെ തട്ടിപ്പ് നടന്നെന്ന് ബാങ്ക് സ്റ്റേറ്റ്‍മെന്‍റ് ഉൾപ്പടെയുള്ള തെളിവുകളുമായി ജില്ലാ നേതൃത്വത്തെ സമീപിച്ചത് ഏരിയ സെക്രട്ടറി ആയിരുന്ന കുഞ്ഞികൃഷ്ണനാണ്. പരാതി പരിശോധിച്ച് ആരോപണ വിധേയൻ ടി ഐ മധുസൂധനൻ എംഎൽഎയെ ജില്ലാകമ്മറ്റിയിലേക്ക് തരം താഴ്ത്തിയതിനൊപ്പം പരാതി കൊടുത്ത വി കുഞ്ഞികൃഷ്ണനെ ഏരിയ സെക്രട്ടറി സ്ഥാനത്ത് നിന്ന് നീക്കുകയും ചെയ്തു. കമ്മറ്റിയിൽ മാനസിക ഐക്യമില്ലെന്ന് പറഞ്ഞ് സംസ്ഥാന കമ്മറ്റിയംഗം ടി വി രാജേഷിനെ പുതിയ ഏരിയ സെക്രട്ടറിയുമാക്കി. ഇതോടെ പൊതുപ്രവർത്തനം നിർത്തുകയാണെന്ന് കുഞ്ഞികൃഷ്ണൻ പ്രഖ്യാപിച്ചു