പയ്യന്നൂര്‍ ഫണ്ട് വിവാദത്തില്‍ സിപിഎം പയ്യന്നൂര്‍ മുന്‍ ഏരിയ സെക്രട്ടറി വി.കുഞ്ഞികൃഷ്ണനെ അനുനയിപ്പിക്കാനുള്ള സിപിഎം നീക്കം പാളി.തീരുമാനത്തില്‍ മാറ്റമില്ലെന്ന് കുഞ്ഞികൃഷ്ണന്‍ പി ജയരാജനെ അറിയിച്ചു. ശേഷം അദ്ദേഹം മടങ്ങി. പയ്യന്നൂര്‍ ഖാദി സെന്ററിലെ പി ജയരാജന്റെ ഓഫീസില്‍ വെച്ചായിരുന്നു കൂടികാഴ്ച്ച. പത്ത് മിനുറ്റ് പോലും കൂടികാഴ്ച്ച നീണ്ടില്ല.
ടി ഐ മധുസൂധനൻ എം എൽ എ യ്ക്കെതിരെ ശക്തമായ നടപടിവേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.പി. ജയരാജനുമായുള്ള കൂടിക്കാഴ്ചയില്‍ വിഷയം ചര്‍ച്ചയായില്ലെന്നും അദ്ദേഹം പറഞ്ഞു. പരാതി നല്‍കിയ കുഞ്ഞികൃഷ്ണനെതിരെ പാര്‍ട്ടി നടപടി സ്വീകരിച്ചിരുന്നു. ഇതില്‍ പ്രതിഷേധിച്ചായിരുന്നു പൊതുപ്രവര്‍ത്തനം അവസാനിപ്പിക്കാനുള്ള തീരുമാനം.സിപിഎം കണ്ണൂര്‍ ജില്ലാ കമ്മിറ്റിയുടെ നിര്‍ദേശപ്രകാരമാണ് പി.ജയരാജൻ അനുനയനീക്കം നടത്തിയത്. രക്തസാക്ഷി ഫണ്ടിൽ തിരിമറി നടന്നതായി പരാതിപ്പെടുകയും പാര്‍ട്ടിയെ തെളിവ് സഹിതം അക്കാര്യം ബോധിപ്പിക്കുകയും ചെയ്ത തന്നെ സ്ഥാനത്ത് നിന്നും മാറ്റിയത് അംഗീകരിക്കാനാവില്ലെന്ന നിലപാടിലാണ് കുഞ്ഞികൃഷ്ണൻ.കുഞ്ഞികൃഷ്ണനെതിരെ നടപടിയെടുത്ത സംഭവത്തില്‍ പാര്‍ട്ടിക്കെതിരെ ശക്തമായ എതിര്‍പ്പാണ് ഉയര്‍ന്നത്. 21 അംഗ ഏരിയ കമ്മിറ്റി യോഗത്തില്‍ 16 പേരും വി കുഞ്ഞികൃഷ്ണനെതിരായ നടപടിയെ എതിര്‍ത്തിരുന്നു. ഏരിയാ കമ്മിറ്റിക്ക് കീഴിലുള്ള 12 ലോക്കല്‍ കമ്മിറ്റികളിലും നടപടിക്കെതിരെ പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്. ജില്ലാ സെക്രട്ടറി എം വി ജയരാജന്‍ ഉള്‍പ്പെടെ പങ്കെടുത്ത യോഗത്തിലാണ് നടപടിയുണ്ടായത്. സംസ്ഥാന കമ്മിറ്റി അംഗീകരിച്ച തീരുമാനമാണെന്നായിരുന്നു എം വി ജയരാജന്റെ വിശദീകരണം. കുഞ്ഞികൃഷ്ണനെ മാറ്റിയ നടപടിയെടുത്തത് അദ്ദേഹത്തിന്റെ സാന്നിധ്യത്തിലെന്നും നേതൃത്വം പറഞ്ഞു.