തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ അനാസ്ഥയെത്തുടര്‍ന്ന് ശസ്ത്രക്രിയ വൈകിയതിന് പിന്നാലെ വൃക്ക രോഗി മരിച്ചു.എറണാകുളം രാജഗിരി ആശുപത്രിയില്‍ നിന്ന് മെഡിക്കല്‍ കോളജിലെത്തിച്ച അവയവത്തില്‍ ശസ്ത്രക്രിയ തുടങ്ങിയത് നാല് മണിക്കൂറിന് ശേഷമാണ്. രോഗിയെ സജ്ജമാക്കുന്നതില്‍ ഡോക്ടര്‍മാരുടെ ഭാഗത്ത് നിന്നുണ്ടായ അനാസ്ഥയാണ് ഗുരുതര വീഴ്ചയ്ക്ക് കാരണം.ശനിയാഴ്ച രാത്രിയാണ് രാജഗിരി ആശുപത്രിയില്‍ ചികിത്സയിലുണ്ടായിരുന്ന 34കാരന് മസ്തിഷ്ക മരണം സംഭവിക്കുന്നത്. തുടര്‍ന്ന് ഇദ്ദേഹത്തിന്റെ ഒരു വൃക്ക കോട്ടയം മെഡിക്കല്‍ കോളജിലും മറ്റേത് കൊച്ചി അമൃത ആശുപത്രിയിലും നല്കാന് തീരുമാനിച്ചിരുന്നു. എന്നാല്‍ കോട്ടയം മെഡിക്കല്‍ കോളജില്‍ വൃക്ക സ്വീകരിക്കാന്‍ യോഗ്യനായ രോഗി ഇല്ലാത്തതിനാലാണ് തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയുടെ ആവശ്യപ്രകാരം വൃക്ക എത്തിച്ചുനല്‍കിയത്.
ഇന്നലെ പുലര്‍ച്ചെ നാല് മണിയോടെയാണ് തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ രണ്ട് ഡോക്ടര്‍മാരടക്കം സംഘം രാജഗിരി ആശുപത്രിയിലെത്തിയത്. പത്ത് മണിയോടെ മസ്തിഷ്ക മരണം സംഭവിച്ച വ്യക്തിയില്‍ വൃക്ക് മാറ്റുന്ന ശസ്ത്രക്രിയ നടന്നു. ഉച്ചയ്ക്ക് രണ്ടേമുക്കാലോടെ വൃക്ക ആംബുലന്‍സില്‍ പൊലീസ് അകമ്പടിയോടെ തിരുവനന്തപുരത്തെത്തിച്ചു. ഗ്രീന്‍ കോറിഡോര്‍ സംവിധാനം വഴിയാണ് വൃക്ക എത്തിച്ചത്.അടിയന്തര സാഹചര്യം പരിഗണിച്ച് രാജഗിരിമുതല്‍ തിരുവനന്തപുരം വരെ ട്രാഫിക് സിഗ്നലുകള്‍ അണച്ച് ആംബുലന്‍സിന് വേണ്ടി പോലീസ് ഗ്രീന്‍ചാനല്‍ ഒരുക്കി നൽകിയിരുന്നു.രാത്രി 9.30നാണ് ശസ്ത്രക്രിയ തുടങ്ങിയത്.അതേസമയം കിഡ്നിമാറ്റിവെക്കല്‍ ശസ്ത്രക്രിയയ്ക്ക് മുമ്പ് രോഗിക്ക് ഡയാലിസിസ് നടത്തണമെന്നും അതിനേതുടര്‍ന്നുണ്ടായ താമസമാണ് ശസ്ത്രക്രിയ വൈകാന്‍ ഇടയായതെന്നും ആശുപത്രി അധികൃതര്‍ പറയുന്നു. എന്നാല്‍ അവയവവുമായി കളമശ്ശേരിയില്‍ നിന്ന് പുറപ്പെടുന്ന സമയത്തു തന്നെ ഡയാലിസിസ് തുടങ്ങിയിരുന്നുവെങ്കില്‍ ഈ കാലതാമസം ഒഴിവാക്കാമായിരുന്നതേയുള്ളു.