കേന്ദ്ര സര്‍ക്കാരിന്റെ അഗ്‌നിപഥ് പദ്ധതിയില്‍ വിമര്‍ശനവുമായി മുന്‍ എംപിയും സിപിഐ നേതാവുമായ ബിനോയ് വിശ്വം. ഹിറ്റ്ലറും മുസോളിനിയും കാട്ടിക്കൊടുത്ത വഴിയെയാണ് കേന്ദ്ര സര്‍ക്കാര്‍ നീക്കമെന്ന് അദ്ദേഹം ആരോപിച്ചു.
അഗ്‌നിപഥ് സമൂഹത്തെ സൈന്യവല്‍ക്കരിക്കുന്നു. ഇത്തരം പദ്ധതിയുടെ വഴികാട്ടികള്‍ ഹിറ്റ്ലറും മുസോളിനിയുമാണെന്ന് അദ്ദേഹം പറഞ്ഞു. ചെറുപ്പക്കാരെ യുദ്ധത്തിന്റെയും അടിച്ചമര്‍ത്തലിന്റെയും രാഷ്ട്രീയം പഠിപ്പിച്ച് ആര്‍എസ്എസിന്റെ ഇരുണ്ട താല്‍പര്യങ്ങള്‍ സംരക്ഷിക്കാനുള്ള നയത്തിന്റെ ആവിഷ്‌കാരമാണ് അഗ്‌നിപഥ്. ഇത്തരം പദ്ധതികളുടെ വഴികാട്ടികള്‍ ഇന്ത്യക്കാരല്ല. ഇത് ജര്‍മ്മനിയിലും ഇറ്റലിയിലും നടപ്പാക്കിയ പദ്ധതിയാണിതെന്നും ബിനോയ് വിശ്വം അഭിപ്രായപ്പെട്ടു.
ഈ പദ്ധതി പ്രകാരം സൈനിക സേവനം പൂര്‍ത്തിയാക്കുന്നവര്‍ ആര്‍എസ്എസ് ഗുണ്ടകള്‍ ആയിമാറുമെന്നും അദ്ദേഹം പറഞ്ഞു. സമൂഹത്തെ സൈന്യവല്‍ക്കരിക്കാനുള്ള നീക്കമാണ്. യുവാക്കളെ വഞ്ചിക്കലാണ്. പട്ടിണിക്കൂലി കൊടുത്തുകൊണ്ട് അവര്‍ കബളിപ്പിക്കുന്നുവെന്നും ബിനോയ് വിശ്വം പറഞ്ഞു.
എന്നാല്‍ അവയ്ക്കെല്ലാം സമ്മതം മൂളാന്‍ മനസില്ലായെന്ന് യുവാക്കള്‍ പ്രഖ്യാപിക്കുന്നു. കര്‍ഷകര്‍ പോരാടിയ പോലെ യുവാക്കളുടെ പോരാട്ടവും ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ മാറ്റങ്ങള്‍ സ്യഷ്ടിക്കും. തൊഴിലാളിവര്‍ഗവും അവര്‍ക്കൊപ്പമുണ്ടെന്നും ബിനോയ് വിശ്വം പറഞ്ഞു.