രാഷ്ട്രപതി തിരഞ്ഞെടുപ്പ് പ്രഖ്യാപനവുമായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍. പതിനാറാമത് രാഷ്ട്രപതി തിരഞ്ഞെടുപ്പ് ജൂലൈ 18ന് നടക്കുമെന്ന് തിരഞ്ഞെടുപ്പ് കമ്മിഷന്‍ അറിയിച്ചു. തിരഞ്ഞെടുപ്പ് വിജ്ഞാപനം ജൂണ്‍ 15-ന് പുറത്തിറക്കും. ജൂലൈ 21-ന് വോട്ടെണ്ണും. നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കേണ്ട അവസാന തീയതി ജൂണ്‍ 29 നാണ്. സൂക്ഷ്മപരിശോധന ജൂലൈ 2 നായിരിക്കും.
നാമനിര്‍ദേശ പത്രികയില്‍ സ്ഥാനാര്‍ഥിയെ 50 പേര്‍ നിര്‍ദേശിക്കണം, 50 പേര്‍ പിന്തുണയ്ക്കണം. 4,033 എംഎല്‍എമാരും 776 എംപിമാരുമാണ് (ആകെ 4,809 വോട്ടര്‍മാര്‍) രാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ വോട്ടുചെയ്യുക. ഒരു എംപിയുടെ മൂല്യം 700 ആണ്. എംപിമാര്‍ക്ക് പാര്‍ലമെന്റിലും എംഎല്‍എമാര്‍ക്ക് നിയമസഭ മന്ദിരത്തിലും വോട്ടുചെയ്യാം. 10,86,431 ആണ് ഇത്തവണത്തെ ആകെ വോട്ട് മൂല്യം (എംപിമാര്‍ 5,43,200, എംഎല്‍എമാര്‍5,43,231)
നിലവിലെ രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ ഔദ്യോഗിക കാലാവധി ജൂലൈ 24-നാണ് അവസാനിക്കുക. ഇതിനു മുന്‍പ് പുതിയ രാഷ്ട്രപതിയെ തിരഞ്ഞെടുക്കുന്ന നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കേണ്ടതുണ്ട്. രാജ്യസഭാ സെക്രട്ടറി ജനറലാണ് തിരഞ്ഞെടുപ്പിന്റെ മുഖ്യവരണാധികാരി.
ഡല്‍ഹിയില്‍ വച്ചാണ് വോട്ടെണ്ണല്‍ നടക്കുക. രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് വിപ്പ് നല്‍കാനാവില്ല. കോഴയോ സമ്മര്‍ദ്ദമോ കണ്ടെത്തിയാല്‍ തിരഞ്ഞെടുപ്പ് റദ്ദാക്കും. തിരഞ്ഞെടുപ്പ് കമ്മീഷണര്‍ നല്‍കുന്ന പേന ഉപയോഗിച്ചില്ലെങ്കില്‍ വോട്ട് അസാധുവാക്കുമെന്നും തിരഞ്ഞെടുപ്പ് കമ്മീഷന്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.