തൃക്കാക്കരയിലെ എൽഡിഎഫ് സ്ഥാനാർത്ഥി ജോ ജോസഫിന്റെ വ്യാജ വിഡിയോ അപ്ലോഡ് ചെയ്ത ആൾ പിടിയിൽ.മലപ്പുറം കോട്ടയ്ക്കല്‍ സ്വദേശി അബ്ദുള്‍ ലത്തീഫാണ് പിടിയിലായത്. കോയമ്പത്തൂരില്‍ നിന്നാണ് അബ്ദുള്‍ ലത്തീഫിനെ പോലീസ് കസ്റ്റഡിയിലെടുത്തത്. ഇന്നലെ രാത്രിയാണ് അബ്ദുൽ ലത്തീഫിനെപ്പറ്റി പൊലീസിനു വിവരം ലഭിച്ചത്. വളരെ രഹസ്യമായാണ് ഇയാളെ കസ്റ്റഡിയിൽ എടുത്തത്. ട്വിറ്ററിൽ വ്യാജ ഹാൻഡിലുണ്ടാക്കിയാണ് ഇയാൾ വിഡിയോ അപ്ലോഡ് ചെയ്തത്. ഫെയ്സ്ബുക്കിലും ഇയാളാണ് വീഡിയോ പ്രചരിപ്പിച്ചതെന്ന് പോലീസ് സംശയിക്കുന്നുണ്ട്. ഫെയ്സ്ബുക്ക് അധികൃതരില്‍ നിന്ന് ഇത് സംബന്ധിച്ച വിവരം പോലീസ് തേടിയിട്ടുണ്ട്.
ദൃശ്യങ്ങള്‍ എവിടെ നിന്ന് ശേഖരിച്ചു എന്നതടക്കം ഇയാളെ ചോദ്യം ചെയ്യുന്നതിലൂടെ വ്യക്തത വരുമെന്നാണ് പോലീസ് കണക്കാക്കുന്നത്. തൃക്കാക്കര ഉപതിരഞ്ഞെടുപ്പില്‍ വോട്ടെടുപ്പ് ദിനത്തിലാണ് ദൃശ്യം അപ്ലോഡ് ചെയ്തയാളെ പോലീസ് പിടികൂടിയിരിക്കുന്നത് എന്നത് ശ്രദ്ധേയമാണ്.