സ്ത്രീധനപീഡനത്തെത്തുടര്‍ന്ന് സഹോദരിമാരായ മൂന്ന് പേരെയും രണ്ട് കുട്ടികളെയും കിണറ്റില്‍ മരിച്ചനിലയില്‍ കണ്ടെത്തി. കലു മീന (25), മംമ്ത (23), കമലേഷ് (20) കലുവിന്റെ നാല് വയസും 27 ദിവസം പ്രായവുമുള്ള മക്കള്‍ എന്നിവരാണ് മരിച്ചത്. മംമ്തയും കമലേഷും പൂര്‍ണ ഗര്‍ഭിണികളായിരുന്നു. രാജസ്ഥാനിലെ ജയ്പൂരില്‍ ഡുഡു പട്ടണത്തിലെ കിണറ്റില്‍ ഇന്നലെയായിരുന്നു മൃതദേഹങ്ങള്‍ കണ്ടെത്തിയത്.
മേയ് 25-ാം തീയതി മുതല്‍ ഇവരെ കാണാനില്ലെന്ന് ബന്ധുക്കള്‍ പോലീസില്‍ നല്‍കിയിരുന്നു. തുടര്‍ന്ന് പോലീസ് അന്വേഷണം നടത്തുന്നതിനിടെയാണ് കഴിഞ്ഞദിവസം ഗ്രാമത്തിലെ കിണറ്റില്‍ ഇവരുടെ മൃതദേഹങ്ങള്‍ കണ്ടെത്തിയത്. കാണാതായി നാല് ദിവസങ്ങള്‍ക്ക് ശേഷമാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്.
സഹോദരിമാരായ ഇവര്‍ ഒരു കുടുംബത്തിലെ മൂന്ന് സഹോദരങ്ങളാണ് വിവാഹം കഴിച്ചത്. 2003ല്‍ പ്രായപൂര്‍ത്തിയാകും മുന്‍പായിരുന്നു മൂവരുടെയും വിവാഹം. ഭര്‍ത്താവിന്റെ വീട്ടുകാര്‍ സ്ത്രീധനത്തിന്റെ പേരില്‍ മൂവരെയും നിരന്തരം മര്‍ദിക്കുമായിരുന്നെന്ന് യുവതികളുടെ വീട്ടുകാര്‍ ആരോപിക്കുന്നു. മദ്യപാനികളായ ഭര്ത്താക്കന്മാരില് നിന്നും ഗാര്‍ഹിക പീഡനവും ഏറ്റിരുന്നു. കലു മീന ഭര്‍ത്താവിന്റെ വീട്ടുകാരുടെ പീഡനത്തെത്തുടര്‍ന്ന് പതിനഞ്ച് ദിവസം ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. കണ്ണിന് ഗുരുതരമായി പരിക്കേറ്റിരുന്ന യുവതി അടുത്തിടെയാണ് ആശുപത്രി വിട്ടത്. ഫോണില്‍ സംസാരിച്ചതിന്റെ പേരില്‍ അടുത്തിടെ കമലേഷിനും മര്‍ദനമേറ്റിരുന്നു.
മൂവരും പഠിക്കാന്‍ ഏറെ താത്പര്യമുള്ളവരായിരുന്നു. മംമ്ത പൊലീസ് കോണ്‍സ്റ്റബിള്‍ പരീക്ഷയില്‍ തിരഞ്ഞെടുക്കപ്പെട്ടിരുന്നു. കലു ബി എ അവസാന വര്‍ഷ വിദ്യാര്‍ത്ഥിയും കമലേഷ് സര്‍വകലാശാലയില്‍ പ്രവേശനം നേടുകയും ചെയ്തിരുന്നു. എന്നാല്‍ അഞ്ചാം ക്ളാസും ആറാം ക്ളാസും വിദ്യാഭ്യാസമായിരുന്നു ഇവരുടെ ഭര്ത്താക്കന്മാര്ക്ക് ഉണ്ടായിരുന്നത്. മൂവരും പഠിക്കുന്നതും ജോലി നേടുന്നതും ഭര്ത്താക്കന്മാര് ഇഷ്ടപ്പെട്ടിരുന്നില്ല.
മരണം സ്ത്രീധന പീഡനം കാരണമെന്നാണ് ബന്ധുക്കളുടെ പരാതി. സഹോദരിമാരുടെ മരണത്തില്‍ ഇവരുടെ ഭര്ത്താക്കന്മാര്, ഭര്‍തൃമാതാപിതാക്കള്‍ എന്നിവര്‍ക്കെതിരേ പോലീസ് കേസെടുത്തിട്ടുണ്ട്. സ്ത്രീധന മരണം, ഗാര്‍ഹിക പീഡനം തുടങ്ങിയ കുറ്റങ്ങളാണ് ഇവര്‍ക്കെതിരേ ചുമത്തിയിരിക്കുന്നത്. ഇവരെയും മറ്റു ബന്ധുക്കളെയും പോലീസ് ചോദ്യം ചെയ്തുവരികയാണ്.