തിരുവനന്തപുരം; രാജ്യത്ത് ട്രാഫിക് നിയമലംഘനങ്ങള്‍ക്കുള്ള പിഴ പത്തിരട്ടിയാക്കി വര്‍ധിപ്പിച്ചതില്‍ ഇളവു വരുത്താനുള്ള ആലോചനയുമായി സംസ്ഥാന സര്‍ക്കാര്‍. ഹെല്‍മറ്റ്, സീറ്റ് ബെല്‍റ്റ് നിയമലംഘനങ്ങള്‍ക്ക് 1,000 രൂപയില്‍ നിന്ന് 500 രൂപയായും ലൈസന്‍സില്ലാതെ വാഹനം ഓടിക്കുന്നവരുടെ പിഴ 5,000 രൂപയില്‍ നിന്ന് 3,000 ആയും ഇളവ് നല്‍കാനാണ് ആലോചന. പെര്‍മിറ്റ് ലംഘനം, ഓവര്‍ലോഡ് എന്നിവയ്ക്കും പിഴയില്‍ ഇളവു നല്കാനും് ആലോചനയിലുണ്ട്. എന്നാല്‍ മദ്യപിച്ചുള്ള ഡ്രൈവിങ്ങിന് പിഴ കുറയ്ക്കില്ല. ഇതു സംബന്ധിച്ച അന്തിമ തീരുമാനം തിങ്കളാഴ്ച എടുക്കും.
ഗതാഗത നിയമം ലംഘിച്ചാലുള്ള ഉയര്‍ന്ന പിഴത്തുക ഉടന്‍ ഈടാക്കില്ലെന്ന് ഗതാഗത മന്ത്രി എ.കെ.ശശീന്ദ്രന് ബുധനാഴ്ച പറഞ്ഞിരുന്നു. മോട്ടര്‍ വാഹന നിയമ ഭേദഗതിയില്‍ കേന്ദ്രസര്‍ക്കാരില്‍ നിന്നു വ്യക്തത വരുന്നതുവരെയാണ് ഉയര്‍ന്ന പിഴ ഒഴിവാക്കുന്നത്. കേന്ദ്രം പുതിയ ഉത്തരവിലൂടെ വ്യക്തത വരുത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതുവരെ ബോധവല്‍ക്കരണം തുടരുമെന്നും മന്ത്രി പറഞ്ഞു.
ഗതാഗത നിയമലംഘനത്തിനു പിഴത്തുക സംസ്ഥാനങ്ങള്‍ക്ക് നിശ്ചയിക്കാമെന്ന് കേന്ദ്ര ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി പറഞ്ഞിരുന്നു. ഉയര്‍ന്ന പിഴത്തുകയ്ക്കെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നതോടെയാണ് പിഴത്തുക സംസ്ഥാനങ്ങള്‍ക്ക് നിശ്ചയിക്കാമെന്ന് കേന്ദ്രം അറിയിച്ചത്.