യുഎഇയിലും ചെക് റിപ്പബ്ലിക്കിലും കുരങ്ങുപനി സ്ഥിരീകരിച്ചതോടെ കുരങ്ങുപനിക്കെതിര ജാഗ്രത പുലർത്തണമെന്ന് ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ്. ആഫ്രിക്കയിൽ നിന്നും എത്തിയ വനിതയ്ക്കാണ് യുഎഇയിൽ രോഗം സ്ഥിരീകരിച്ചത്. ബെൽജിയത്തിൽ നിന്ന് എത്തിയ വനിതയ്ക്കാണ് ചെക് റിപ്പബ്ലിക്കിൽ രോഗം ബാധിച്ചത്.
19 രാജ്യങ്ങളിലായി 237 പേർക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. യൂറോപ്പിലാണ് കൂടുതൽ രോഗികൾ ഉള്ളത്.കോവിഡ് വ്യാപനം പോലെ കുരങ്ങുപനി പടർന്നു പിടിക്കാൻ സാധ്യതയിലെന്നാണ് ലോകാരോഗ്യ സംഘടനയുടെ നിരീക്ഷണം. അതേസമയം, അസാധാരണ സാഹചര്യമാണെന്നും വ്യാപനത്തെക്കുറിച്ച് പഠിക്കുകയാണെന്നും കൂടുതൽ ജാഗ്രത വേണമെന്നും മുന്നറിയിപ്പ് നൽകി.കുരങ്ങിൽ നിന്നു പടരുന്ന വൈറൽ പനി മനുഷ്യരിൽ വ്യാപകമായി പടരില്ലെങ്കിലും ലൈംഗികബന്ധം പോലെ അടുത്ത സമ്പർക്കം വഴി പകരാനിടയുണ്ടെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകി. പരോക്ഷമായി രോഗികളുമായി സമ്പർക്കമുണ്ടായവർ ആശങ്കപ്പെടാനില്ലെന്നാണ് ഡോക്ടർമാരുടെ പക്ഷം.