സിസ്റ്റര്‍ ലിനി, മലയാളികളുടെ മനസ്സിലെ ദീപ്ത സ്മരണയായി മാറിയിട്ട് ഇന്നേക്ക് നാലാണ്ട്. നിപാ വൈറസിനെതിരെ ധീരതയൊടെ പൊരുതി ജീവന് വെടിഞ്ഞ സിസ്റ്റര്‍ ലിനിയുടെ ഓര്‍മ്മകള്‍ക്ക് മുന്നില്‍ നമുക്ക് പ്രണാമമര്‍പ്പിക്കാം. സ്വജീവന്‍ ത്വജിച്ച് രോഗികളെ പരിചരിച്ച് മാലാഖയെന്ന പേര് അന്വര്‍ത്ഥമാക്കിയ ലിനിയുടെ ഓര്‍മ്മകള്‍ കെടാതെ ഹൃദയത്തിലേറ്റു വാങ്ങിക്കഴിഞ്ഞു ഓരോ മലയാളികളും.
കേരളത്തില്‍ ഭീതി പടര്‍ത്തിയ നിപ്പ വൈറസ് ബാധിതരെ പരിചരിച്ച് മരണപ്പെട്ട ലിനി ആത്മാര്‍ത്ഥത ആതുര സേവനത്തിന്റെ മാതൃകയാണ്. ആത്മാര്‍ത്ഥതയുടേയും സേവനസന്നദ്ധതയുടേയും ത്യാഗത്തിന്റേയും പ്രതീകമാണ് ഭൂമിയിലെ ഈ മാലാഖ. ലിനിയെ ഓര്‍ക്കാതെ ഈ കാലം എങ്ങനെ കടന്നു പോകും? ആ ജീവിതം മറ്റുള്ളവര്‍ക്ക് ഏറ്റവും പ്രചോദിതമാകുന്നത് ഇക്കാലത്താണ്. നിപ്പയെന്ന മഹാമാരിക്കെതിരായി പോരാടി സിസ്റ്റര്‍ ലിനി വിടവാങ്ങിയിട്ട് ഇന്നേക്ക് നാല് വര്‍ഷം തികയുകയാണ്.
മഹാമാരിക്കെതിരെയുള്ള നമ്മുടെ പോരാട്ടങ്ങള്‍ക്ക് സിസ്റ്റര്‍ ലിനിയുടെ ഓര്‍മ്മകള്‍ എന്നും പ്രചോദനമായിരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് ഫേസ്ബുക്ക് കുറിപ്പില്‍ പറഞ്ഞു.
മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ്ണരൂപം;
സിസ്റ്റര്‍ ലിനിയുടെ അനശ്വര രക്തസാക്ഷിത്വത്തിന് ഇന്നേക്ക് നാലാണ്ട് തികയുകയാണ്. നിപ്പയെന്ന മഹാമാരിയെ ചെറുത്തുതോല്‍പ്പിക്കാനായി കേരള ജനത നടത്തിയ പോരാട്ടത്തിന്റെ ഓര്‍മ്മ കൂടി ഇന്ന് പുതുക്കപ്പെടുകയാണ്. സിസ്റ്റര്‍ ലിനി ആ പോരാട്ടത്തിന്റെ ചുരുക്കപ്പേരു കൂടിയാണ്. മറ്റൊരു മഹാമാരിയില്‍ നിന്നും പൂര്‍ണമായും വിടുതല്‍ നേടിയിട്ടില്ലാത്ത ഒരു കാലത്താണ് നമ്മളിന്നുള്ളത്. മഹാമാരിക്കെതിരെയുള്ള നമ്മുടെ പോരാട്ടങ്ങള്‍ക്ക് സിസ്റ്റര്‍ ലിനിയുടെ ഓര്‍മ്മകള്‍ എന്നും പ്രചോദനമായിരിക്കും. സ്വന്തം ജീവന് ത്യജിച്ചും ആതുര സേവനത്തിന്റെ മഹത്തായ സന്ദേശം പകര്‍ന്ന ലിനിയുടെ സ്മരണയ്ക്കു മുന്നില്‍ ആദരാഞജലികള്‍ അര്‍പ്പിക്കുന്നു.