പൊതു വേദിയിൽ വിദ്യാർത്ഥിനിയെ അപമാനിച്ചതിനെത്തുടർന്നുണ്ടായ വിവാദത്തിൽ ന്യായികരണവുമായി സമസ്ത. പെൺകുട്ടിക്ക് മാനസിക പ്രശ്നം ഉണ്ടാകുമെന്ന് കരുതിയാണ് മാറ്റി നിർത്തിയതെന്നും അപമാനിക്കാനാണ് ഉദ്ദേശമെങ്കിൽ പുരസ്കാരം നൽകില്ലായിരുന്നുവെന്നും ജിഫ്രി മുത്തുക്കോയ തങ്ങൾ പറഞ്ഞു. പെൺകുട്ടിക്കോ കുടുംബത്തിനോ സമസ്തയ്ക്കെതിരെ പരാതിയില്ലെന്നും സംഭവം വിവാദമാക്കേണ്ട കാര്യമില്ലെന്നും ജിഫ്രി തങ്ങൾ കൂട്ടിച്ചേർത്തു.
പെൺകുട്ടിയെ വേദിയിൽ അപമാനിച്ചിട്ടില്ലെന്ന് എംടി അബ്ദുള്ള മുസ്ലിയാർ പറഞ്ഞു. പെൺകുട്ടിക്ക് ലജ്ജ തോന്നിയതിനെ തുടർന്നാണ് പെൺകുട്ടിയെ വേദിയിൽ നിന്ന് ഇറക്കിവിട്ടതെന്നാണ് സമസ്തയുടെ പുതിയ വിശദീകരണം. സമസ്തയുടെ നിലപാടുകൾ കാലോചിതമായി പരിഷ്കരിച്ചവയാണെന്നും ബാലാവകാശ കമ്മിഷന്റെ കേസിനെ നിയമപരമായി നേരിടുമെന്നും സമസ്ത വ്യക്തമാക്കി.
പെരിന്തല്‍മണ്ണയില്‍ മദ്രസ കെട്ടിടം ഉദ്ഘാടനം ചെയ്യുന്ന പരിപാടിയില്‍ പത്താം ക്ലാസില്‍ പഠിക്കുന്ന പെണ്‍കുട്ടിയെ സര്‍ട്ടിഫിക്കറ്റ് ദാന ചടങ്ങിലേക്ക് ക്ഷണിച്ചതില്‍ സമസ്ത നേതാവ് എതിര്‍പ്പുന്നയിച്ചതാണ് വിവാദമായത്. സംഭവത്തില്‍ വ്യാപകമായ വിമര്‍ശനങ്ങളാണ് ഉയര്‍ന്നത്. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഉള്‍പ്പെടെയുള്ളവര്‍ വിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു.