സി പി എം പാർട്ടി കോൺഗ്രസിൽ സീതാറാം യെച്ചൂരി സഞ്ചരിച്ചത് ക്രിമിനൽ കേസ് പ്രതിയുടെ വാഹനത്തിലെന്ന ബിജെപിയുടെ ആരോപണ വിവാദത്തില്‍ വിശദീകരണവുമായി സിപിഐഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം.വി.ജയരാജന്. കോഴിക്കോട് ജില്ലാ സെക്രട്ടറി വാഹനം ഏര്‍പ്പെടുത്തി നല്‍കിയെന്ന പ്രചാരണം തെറ്റ്. 28 ഉടമകളില്‍ നിന്നായി നിരവധി വാഹനങ്ങള്‍ വാടകയ്ക്ക് എടുത്തെന്നും എം.വി.ജയരാജന് പറഞ്ഞു ട്രാവൽ ഏജൻസി വഴിയാണ് കാറുകൾ വാടകക്കെടുത്തത്. വാഹന ഉടമകളുടെ രാഷ്ട്രീയം നോക്കിയിരുന്നില്ല. കുറഞ്ഞവാടകയാണ് നോക്കിയതെന്നും അദ്ദേഹം പറഞ്ഞു.
ബംഗാളില്‍ നിന്ന് വന്ന പിബി അംഗങ്ങള്‍ ഉള്‍പ്പെടെ കൊച്ചി എയര്‍പോര്‍ട്ടില്‍ ഇറങ്ങിയവര്‍ക്ക് എറണാകുളം ജില്ലാ കമ്മിറ്റി തന്നെയാണ് വാഹനങ്ങള്‍ വാടകയ്ക്ക് തയാറാക്കിയത്.കോഴിക്കോട് വിമാനത്താവളത്തില്‍ ജമ്മുകാശ്മീരില്‍ നിന്ന് മൂന്നു പേര് ഇറങ്ങിയിട്ട് മലപ്പുറം ജില്ലാ കമ്മിറ്റിയാണ് വാഹനം വാടകയ്ക്ക് നല്‍കിയത്. അതിന്റെയെല്ലാം തുക കണ്ണൂരില്‍ വച്ചാണ് നല്‍കിയത്. വാഹനം വാടകയ്ക്ക് എടുത്തു. അതില്‍ നേതാക്കളും പ്രതിനിധികളും എത്തുന്നു. അതൊന്നും വിവാദമാക്കേണ്ട കാര്യമില്ല. യെച്ചൂരി സ്ഥിരിമായി ഉപയോഗിച്ചത് കെഎല്‍ 13 എയു 2707 എന്ന വാഹനം ആണ്. അതിന്റെ ദൃശ്യങ്ങള്‍ പരിശോധിച്ചാല്‍ മനസിലാക്കാം.അതേ വാഹനമാണ് നേരത്തെ ഏഴിമലയിൽ രാഷ്ട്രപതി എത്തിയപ്പോൾ അകമ്പടി വാഹനമായി ഉപയോഗിച്ചത്. നിരവധി കേണൽ മാർ എത്തിയതും ഇതേ വാഹനത്തിലാണ്. വിമാനത്താവളത്തിൽ നിന്ന് വന്നതാണ് ആരോപണം ഉന്നയിക്കുന്ന വാഹനം. വാഹന ഉടമയും ഡ്രൈവറും പ്രതിനിധി സമ്മേളനത്തിൽ വന്നില്ല. സിദ്ദിഖ് ആരാണെന്ന് പോലും അറിയില്ല. എയര്‍പ്പോര്‍ട്ടില്‍ ഇറങ്ങിയാല്‍ പാര്‍ട്ടി കോണ്‍ഗ്രസ് വേദിയിലേക്ക് വരാന്‍ ട്രാവല്‍ ഏജന്‍സി പല വാഹനങ്ങളും തരപ്പെടുത്തിയിരുന്നു. ആ ദൃശ്യമായിരിക്കാം ബിജെപി കാണിക്കുന്നതെന്നും എം.വി.ജയരാജന് പറഞ്ഞു.